
Perinthalmanna Radio
Date: 25-05-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ജനറൽ മെഡിസിൻ ഒ.പിയിൽ കൺസൽട്ടന്റ് തസ്‌തികയിൽ ആളില്ലാതായിട്ട് നാലു വർഷം കഴിയുമ്പോഴും പകരം ഡോക്‌ടർ എത്താത്തത് രോഗികളെ വലക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ഒ.പിയാണിത്. ജനറൽ മെഡിസിനിൽ ഒരാൾ മാത്രമാണ് ഇപ്പോഴുള്ളത്. കോടതി ഡ്യൂട്ടിയോ ക്യാഷ്വാലിറ്റിയോ രാത്രി ഡ്യൂട്ടിയോ വരുന്നതോടെ അതിൻ്റെ പേരിൽ ഒ.പി മുടങ്ങുന്ന സ്ഥിതിയാണ്. നാലു വർഷം മുമ്പ് സർജൻ വിരമിച്ച തസ്‌തികയിലും ആളെ നിയമിച്ചിട്ടില്ല. 1300 രോഗികൾ വരെ ഒ.പിയിൽ വന്നിരുന്നതിൽ ഒരാഴ്‌ചയായി വർധനവ് വന്നിട്ടുണ്ട്. ശിശുരോഗ വിഭാഗത്തിലും രോഗികൾ കൂടി. ഒന്നാം നമ്പർ ഒ.പിയായ ജനറൽ മെഡിസിൻ ഒ.പി ഇല്ലെങ്കിൽ ആറാം നമ്പർ ജനറൽ ഒ.പിയിൽ കാണിച്ച് മരുന്നു വാങ്ങി പോവുന്ന സ്ഥിതിയാണ്
കൺസൽട്ടന്റിൻ്റെ കുറവ് നികത്താൻ ഏറെ കാലമായി ആവശ്യം ഉയരുന്നതാണ്. കാഷ്വാലിറ്റിയിൽ അസിസ്റ്റന്റ് സർജൻമാരുടെ നാലു പോസ്റ്റാണുള്ളത്. അസിസ്റ്റന്റ് സർജൻമാരുടെ കൂട്ടത്തിൽ ഒരാളെ പ്രൈമറി ഹെൽത്ത് സെൻ്ററിൽ നിന്ന് അധിക യോഗ്യത കണ്ട് നിയമിച്ചതാണ്. പൊലീസ് സർജൻ യോഗ്യതയുള്ളയാളാണ് ഈ ഡോക്‌ടർ. 2014ൽ ജില്ല ആശുപത്രിയായി ഉയർത്തിയതാണിത്. പത്തു വർഷം പിന്നിടുമ്പോഴും പഴയ താലൂക്ക് ആശുപത്രിയുടെ പരിമിതികളിൽ തന്നെയാണ്. ഡോക്‌ടർമാരുടെ പുതിയ തസ്തിക സൃഷ്‌ടിക്കുകയും ഒഴിവുള്ള തസ്തികകളിൽ ഡോക്ടർമാരെ നിയമിക്കുകയും ചെയ്യാൻ ആരോഗ്യ വകുപ്പ് താൽപര്യം എടുക്കുന്നില്ല. ആരോഗ്യമന്ത്രി മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ചപ്പോൾ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ ഇക്കാര്യം മന്ത്രിയെയും സർക്കാറിനെയും ഓർമപ്പെടുത്തി നടപടി എടുപ്പിക്കാൻ ജന പ്രതിനിധികൾ താൽപര്യമെടുക്കുന്നില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
