
Perinthalmanna Radio
Date: 25-06-2025
പെരിന്തൽമണ്ണ: കോഴിക്കോട്– പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നും മേൽപാലത്തിനു സമീപം രൂപപ്പെട്ട കുണ്ടും കുഴികളും അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു ജില്ലാ ബസ് തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സ്വകാര്യ ബസുകൾ നാളെമുതൽ പണിമുടക്കും. അങ്ങാടിപ്പുറം വഴി കടന്നുപോകുന്ന ബസുകളാണു സർവീസ് നിർത്തിവയ്ക്കുക. കോഴിക്കോട്–പാലക്കാട് ദീർഘദൂര ബസുകളും സമരത്തിന്റെ ഭാഗമാകുമെന്നു ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികൾ അറിയിച്ചു.
പെരിന്തൽമണ്ണയിൽനിന്നു പുറപ്പെടുന്ന മലപ്പുറം, മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി, വലമ്പൂർ, കൂട്ടിൽ തുടങ്ങി മറ്റ് ഉൾപ്രദേശങ്ങളിലേക്ക് ഉൾപ്പെടെയുള്ള ബസ് ഗതാഗതം നിലയ്ക്കും. ബസുടമ സംഘവും തൊഴിലാളികളുടെ സമരത്തിനു പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമരത്തിന് ഒരാഴ്ച മുൻപു നോട്ടിസ് നൽകിയിട്ടും ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നു കാര്യമായ നടപടി ഉണ്ടാകാത്തതു പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
മേൽപാലം പരിസരത്തെ കുണ്ടും കുഴികളും അടയ്ക്കാൻ മാസങ്ങൾക്കു മുൻപു ഫണ്ട് അനുവദിച്ചതാണ്. ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. എന്നിട്ടും ബന്ധപ്പെട്ട അധികൃതർ അവഗണന തുടരുന്നതായാണ് ആക്ഷേപം. നിലവിലെ സ്ഥിതി ബസ് മേഖലയിലെ തൊഴിലാളികൾക്കു വലിയ പ്രയാസം സൃഷ്ടിക്കുന്നതായി തൊഴിലാളികൾ പറയുന്നു.
മേൽപാലത്തിലെ നിലവിലെ കുരുക്കും പാലത്തിനു സമീപം റോഡിലെ കുഴികളും മൂലമുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം സമയക്രമം പാലിച്ചു സർവീസ് നടത്താൻ കഴിയുന്നില്ല.
മുഴുവൻ ട്രിപ്പുകളും കൃത്യമായ ഓടാൻ കഴിയാത്ത സാഹചര്യവുമാണ്.
കലക് ഷൻ ബത്തയ്ക്കു പണിയെടുക്കുന്ന തൊഴിലാളികൾക്കു ഇങ്ങനെ പ്രയാസം നേരിടുന്നതായി തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറയുന്നു.
പ്രശ്നം പരിഹരിക്കേണ്ട അധികൃതർ ഗുരുതരമായ അലംഭാവം കാട്ടുന്നു. പൊതുസമൂഹം സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നു ഭാരവാഹികൾ അഭ്യർഥിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
