
Perinthalmanna Radio
Date: 25-08-2024
പെരിന്തൽമണ്ണ ∙ മുൻപ് സ്ഥിരം മാലിന്യകേന്ദ്രങ്ങളായിരുന്ന പൊതുവിടങ്ങളെല്ലാം പെരിന്തൽമണ്ണയിലിപ്പോൾ ബ്യൂട്ടി സ്‌പോട്ടുകളാണ്. യുവസമൂഹം ഇഷ്‌ടപ്പെടുന്ന സെൽഫി കോർണറുകളായി മാറിയിരിക്കുകയാണ് ഇവയിൽ പലതും. മറ്റു മേഖലകളിൽനിന്നെത്തുന്ന യാത്രക്കാർ ഈ ബ്യൂട്ടി സ്‌പോട്ടുകളിൽ സെൽഫിയെടുക്കാനിറങ്ങുന്നതു സ്ഥിരം കാഴ്‌ച. ഇതുവഴി കടന്നുപോകുന്ന വിദേശ ടൂറിസ്‌റ്റുകൾ പോലും ഇവിടെയിറങ്ങി സെൽഫിയെടുക്കുന്നു.
മൂക്കുപൊത്താതെ പരിസരത്തുകൂടി നടക്കാൻ സാധിക്കില്ലായിരുന്ന 5 പൊതുവിടങ്ങൾ ഇതിനകം മനോഹരമായ കേന്ദ്രങ്ങളായി. കോഴിക്കോട്–പാലക്കാട് ദേശീയപാതയോരത്തെ പൊന്ന്യാകുർശിയിലെ ആൽമരച്ചുവട് ഒരു ഉദാഹരണം. മാലിന്യകേന്ദ്രവും സാമൂഹികവിരുദ്ധരുടെ താവളവുമായിരുന്നു ഇവിടം. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ സെൽഫി കോർണറാക്കി മാറ്റിയത് ഈ ആലിൻചുവടാണ്. ആലിനു വർണം പൂശി, ഇരിപ്പിടങ്ങളൊരുക്കി, ചെടികൾ വച്ചു പിടിപ്പിച്ചു. ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പരിസരം, ജൂബിലി ജംക്‌ഷനിലെ ബസ് സ്‌റ്റോപ്പ് പരിസരം, നഗരസഭാ ഓഫിസ് പരിസരം, മാലിന്യം തള്ളിയിരുന്ന നഗരത്തിലെ കിണർ എന്നിവിടങ്ങളിലെല്ലാം ബ്യൂട്ടി സ്‌പോട്ടുകളൊരുങ്ങി.
ചെറിയ തോതിൽ മാലിന്യഭീഷണിക്കു സാധ്യതയുണ്ടെന്നു തോന്നുന്ന 10 കേന്ദ്രങ്ങൾകൂടി മനോഹരമാക്കി മാറ്റാനുള്ള തീരുമാനം ഇതിനകം നഗരസഭ എടുത്തിട്ടുണ്ട്. നഗരസഭയുടെ തീരുമാനത്തിനു ജനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽ നിന്നുമെല്ലാം വലിയ പിന്തുണയാണു ലഭിച്ചതെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ബ്യൂട്ടി സ്‌പോട്ടുകൾ ഒരുക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
