പെരിന്തൽമണ്ണ നഗരമധ്യത്തിലെ ശുചിമുറിക്ക് ഷട്ടർ വീണു

Share to

Perinthalmanna Radio
Date: 25-08-2024

പെരിന്തൽമണ്ണ: നഗരത്തിൽ എത്തുന്നവർ പൊതു ശുചിമുറിയുടെ വലിയ ബോർഡ് കണ്ട് പ്രാഥമികാവശ്യം നിർവഹിക്കാൻ അവിടെ എത്തിയാൽ വിഷമിച്ചു പോകും. ചുമരിന്റെ ഒരു വശത്ത് വനിതകൾക്കുള്ള ശുചിമുറി എന്ന് എഴുതിയിട്ടുണ്ട്. അടുത്തെത്തിയാലോ താഴിട്ടു പൂട്ടിയ ഷട്ടർ ആണ് കാണുക. സമീപത്തെ സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കുകയേ അവർക്ക് നിർവാഹമുള്ളൂ.

പെരിന്തൽമണ്ണ നഗരസഭ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച ശുചിമുറിയാണിത്. കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽനിന്ന് പൊലീസ് സ്‌റ്റേഷൻ, മിനി സിവിൽ സ്‌റ്റേഷൻ, കോടതി എന്നിവയിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്താണ് ഇത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരസഭ നിർമിച്ചതാണ് ഇത്. വളരെ നല്ല നിലയിൽ പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഇത് തുറക്കാറേ ഇല്ല.

വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിത കർമസേനാംഗങ്ങൾ ശേഖരിച്ച മാലിന്യച്ചാക്കുകളാണ് ശുചിമുറിയിലേക്കുള്ള പ‌ടവുകളിൽ മുഴുവൻ. ഷട്ടറിന്റെ ഒരു വശത്ത് ശുചീകരണത്തിന് ഉപയോഗിക്കുന്ന ചൂല് ഉൾപ്പെടെയുള്ള ഉപകരണങ്ങളും കൂട്ടി വച്ചിട്ടുണ്ട്. നഗരത്തിലെത്തുന്ന സ്‌ത്രീകൾ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാതെ കഷ്‌ടപ്പെടുകയാണ്.

ടാക്‌സി സ്‌റ്റാന്റിന്റെ കിഴക്കു ഭാഗത്ത് മറ്റൊരു ശുചിമുറിയുണ്ട്. ഇതിന്റെ നടത്തിപ്പിന് കരാറുകാരെ കിട്ടിയില്ല. അതിനാൽ നഗരസഭയിലെ ശുചീകരണത്തൊഴിലാളികളിൽ ഒരാളെ ഇവിടെ നിയോഗിച്ചിരിക്കുകയാണ്. ചാർജും ഈടാക്കുന്നുണ്ട്.

ഇവിടെ ശുദ്ധജല കണക്‌ക്ഷൻ ഇല്ല. അതിനാൽ 300 രൂപ നൽകി നിത്യവും രാവിലെ ഒരു ടാങ്കർ ലോറി വെള്ളം വാങ്ങി സംഭരിക്കും. അത് തീരുന്നതു വരെയാണ് പൊതു ശുചിമുറിയുടെ പ്രവർത്തനം.

രാവിലെ 7 ന് തുറക്കുന്ന ശുചിമുറി വൈകിട്ട് 5 ന് അടയ്ക്കും. പൊതുഅവധി ദിവസങ്ങളിൽ തുറക്കാറേ ഇല്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *