
Perinthalmanna Radio
Date: 25-09-2024
പെരിന്തൽമണ്ണ: മേലാറ്റൂർ- പുലാമന്തോൾ റോഡിന്റെ നിർമാണ സ്തംഭനത്തിനെതിരെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്‌ക്കെതിരെയും ജനകീയ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 4 വർഷം മുൻപ് നിർമാണം ആരംഭിച്ച പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ റോഡിന്റെ പണി പാതിയിൽ നിലച്ചിരിക്കുകയാണ്. 2020 സെപ്‌റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 144 കോടി രൂപ അടങ്കൽ കണക്കാക്കി 30 കി.മീ. റോഡിന്റെ പണി ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കേണ്ടതായിരുന്നു.
നിർമാണം ആരംഭിച്ചതു മുതൽ ഒട്ടേറെ പരാതികളാണ് ഉയർന്നത്. റോഡ് പണിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പലതവണ സബ്മിഷൻ ഉന്നയിച്ചു. മരാമത്ത് മന്ത്രി നേരിട്ടെത്തി നിർമാണം വിലയിരുത്തിയിട്ടും ഫലമുണ്ടായില്ല. പെരിന്തൽമണ്ണ താലൂക്ക്സഭ പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. 14 തവണ നജീബ് കാന്തപുരം എംഎൽഎ മുൻകയ്യെടുത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടും പണി പുരോഗമിച്ചില്ല. കഴിഞ്ഞ ദിവസമാണ് നിർമാണത്തിലെ അനാസ്ഥയുമായി ബന്ധപ്പെട്ട് കരാറുകാരനെ കെഎസ്‌ടിപി നീക്കിയത്.
ഈ സാഹചര്യത്തിലാണ് റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം കാണണമെന്നും റീടെൻഡർ നടത്തി പുതിയ കമ്പനിയെക്കൊണ്ട് റോഡ് പണി പൂർത്തീകരിക്കണമെന്നും അനാസ്ഥ കാണിച്ച കരാർ കമ്പനിക്കെതിരെയും കെഎസ്‌ടിപി ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കട്ടുപ്പാറ പാലം ജംക്‌ഷനിൽ നാട്ടുകാർ റോഡ് ഉപരോധിച്ചത്.
ആക്‌ഷൻ കൗൺസിൽ ചെയർമാൻ നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. വർക്കിങ് ചെയർപഴ്‌സനും പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റുമായ പി.സൗമ്യ ആധ്യക്ഷ്യം വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹൻ, ഏലംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സുകുമാരൻ, ജനറൽ കൺവീനർ ഷാജി കട്ടുപ്പാറ, ട്രഷറർ അസീസ് എർബാദ്, വി.ബാബുരാജ്, നാലകത്ത് ഷൗക്കത്ത്, കെ.പി.മൊയ്‌തീൻകുട്ടി, ഇസ്സുദ്ദീൻ, ഷിബു ചെറിയാൻ, ഹംസ പാലൂർ, അഷ്‌റഫ് കക്കാട്. ശൈഷാദ് തെക്കേതിൽ, മുത്തു ചേലക്കാട്, വാർഡംഗങ്ങളായ മുഹമ്മദ് കുട്ടി, മുഹമ്മദാലി, കെ.ടി.അഷ്‌കർ, ഹസീന കളരിക്കൽ, രവി കോഴിത്തൊടി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
