
Perinthalmanna Radio
Date: 25-09-2025
മലപ്പുറം ∙ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ പൂർത്തിയാകുമെന്ന അറിയിപ്പ് വന്നതോടെ ജില്ലാ വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് അടുത്ത മാസം 21ന് പൂർത്തിയാകുന്നതോടെ കളം തെളിയും. സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം കമ്മിഷൻ ഇന്നലെ പുറത്തുവിട്ടതോടെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി. മണ്ഡല പുനർ നിർണയത്തിനു ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ ഏതെല്ലാം വാർഡുകൾ സംവരണത്തിൽ വരുമെന്നതിൽ പാർട്ടികൾക്ക് വ്യക്തതക്കുറവുണ്ട്. അടുത്ത മാസം 13 മുതൽ 16വരെയാണ് ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ്. ബ്ലോക്ക് പഞ്ചായത്ത് (18), നഗരസഭ (16), ജില്ലാ പഞ്ചായത്ത് (21) എന്നീ തീയതികളിലാണ് നറുക്കെടുപ്പ് നടക്കുക.
*മൂന്നാമതും സംവരണമില്ല*
തുടർച്ചയായി 2 തവണ സംവരണ വിഭാഗത്തിൽ വന്ന വാർഡുകളും ഡിവിഷനുകളും ഒഴിവാക്കിയായിരിക്കും നറുക്കെടുപ്പ്. എന്നാൽ, ഇതൊഴിവാക്കിയാൽ ആകെ സംവരണ സീറ്റുകളുടെ എണ്ണമായില്ലെങ്കിൽ ഇവയും നറുക്കെടുപ്പിന് പരിഗണിക്കും. പുനർ നിർണയത്തിനു ശേഷം പഴയ വാർഡിലെ 50 ശതമാനത്തിലേറെ വോട്ടർമാർ ഉൾപ്പെടുന്ന വാർഡിന്റെ സംവരണ നിലയാണ് പരിഗണിക്കുക. ഓരോ തദ്ദേശ സ്ഥാപനത്തിലും സംവരണം ചെയ്യേണ്ട വാർഡുകളുടെ എണ്ണം സംബന്ധിച്ച നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ തദ്ദേശ സ്ഥാപനത്തിലും പകുതി സീറ്റുകൾ സ്ത്രീകൾക്ക് സംവരണമാണ്. എസ്സി ജനറൽ, വനിത, എസ്ടി ജനറൽ,വനിത എന്നീ 5 വിഭാഗത്തിലാണ് സംവരണമുള്ളത്. വനിതകൾക്കൊഴികെ, തദ്ദേശ സ്ഥാപനത്തിലെ ആകെ ജനസംഖ്യ, സംവരണ വിഭാഗത്തിന്റെ ജനസംഖ്യ എന്നിവ കണക്കാക്കിയാണ് വാർഡുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. വനിതാ സംവരണത്തിൽ തന്നെ എസ്സി,എസ്ടി വനിതാ സംവരണവും ഉൾപ്പെടും. 20
സീറ്റുകളുള്ള തദ്ദേശ സ്ഥാപനത്തിൽ സ്ത്രീകൾക്ക് 11 സീറ്റുകളിലാണ് സംവരണം. എസ്സി വനിതയ്ക്ക് 2 സീറ്റുകൾ സംവരണമുണ്ടെങ്കിൽ 11 സീറ്റിൽ 2 എണ്ണം ആ വിഭാഗത്തിലെ വനിതകൾക്ക് നീക്കിവച്ചാൽ മതി.
2015, 2020 വർഷങ്ങളിൽ സംവരണ വിഭാഗത്തിലായിരുന്ന വാർഡുകളെയാണ് നറുക്കെടുപ്പിൽ നിന്നൊഴിവാക്കുക. 2020ൽ വനിതാ സംവരണമായിരുന്ന വാർഡുകളെ ആ വിഭാഗത്തിലെ സംവരണ നറുക്കെടുപ്പിൽ നിന്ന് ഇത്തവണ ഒഴിവാക്കും. നിലവിൽ എസ്സി സംവരണമുള്ള വാർഡ് അടുത്ത തവണയും ആ വിഭാഗത്തിൽ വരില്ല. എന്നാൽ, ഇവ ഒഴിവാക്കുമ്പോൾ ആകെ സംവരണ സീറ്റുകളുടെ എണ്ണം തികഞ്ഞില്ലെങ്കിൽ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
