
Perinthalmanna Radio
Date: 25-10-2024
പെരിന്തൽമണ്ണ: ഇ-പോസ് യന്ത്രത്തിലെ സ്‌കാനറിൽ വിരലടയാളം പതിയാത്തവർക്കായി ഐറിസ് സ്‌കാനറിലൂടെ റേഷൻ കാർഡ് മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയ പെരിന്തൽമണ്ണ താലൂക്ക് ക്യാമ്പിൽ വൻ തിരക്ക്. വ്യാഴാഴ്ച രാവിലെ 11-ഓടെ തുടങ്ങിയ ക്യാമ്പ് വൈകീട്ട് ആറിന് അവസാനിക്കുമ്പോൾ 1500 പേരാണ് മസ്റ്ററിങ് നടത്തിയത്. ഇതോടെ പെരിന്തൽമണ്ണ താലൂക്കിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർ 83.70 ശതമാനമായി. തിരക്ക് പരിഗണിച്ച് വെള്ളിയാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് മൂന്നുവരെ മസ്റ്ററിങ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ വി. അബ്ദു അറിയിച്ചു.
താലൂക്കിലെ അന്ത്യോദയ അന്നയോജന (എ.എ.വൈ.), മുൻഗണന (പി.എച്ച്.എച്ച്.) വിഭാഗം റേഷൻ കാർഡുകളിൽപ്പെട്ടവർക്കായാണ് ക്യാമ്പ് നടത്തിയത്. രാവിലെ പത്തുമുതൽ മസ്റ്ററിങ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ക്യാമ്പിൽ പങ്കെടുക്കാൻ ഒൻപതരയോടെ തന്നെ കുട്ടികളടക്കമുള്ളവരുമായി നൂറു കണക്കിനാളുകൾ എത്തിയിരുന്നു.
ഇവരെല്ലാം കൂടി കൗണ്ടറുകളിലേക്ക് തള്ളിക്കയറിയതോടെ തിരക്ക് നിയന്ത്രിക്കാനാകാതെവന്നു. ഒടുവിൽ ബ്ലോക്ക് ഓഫീസിന്റെ ഇരുഭാഗങ്ങളിലേക്കും റോഡിലൂടെ ആളുകളെ രണ്ടു വരികളായി നിർത്തി. ഈ വരി പട്ടാമ്പി റോഡിലൂടെ കോടതിസമുച്ചയത്തിനു മുന്നിലെത്തി. മറു ഭാഗത്തെ വരി മൃഗാശുപത്രിയും കടന്ന് നീണ്ടു. 11-ഓടെയാണ് മസ്റ്ററിങ് തുടങ്ങാനായത്.
തിരക്കേറിയതോടെ ബ്ലോക്ക് ഓഫീസ് വളപ്പിലേക്ക് കയറി നിന്നിരുന്നവരെ കൂടാതെ 850-ഓളം പേർക്ക് അധികൃതർ ടോക്കൺ നൽകിയാണ് തിരക്ക് നിയന്ത്രിച്ചത്.
കുട്ടികളടക്കമുള്ളവർ വെയിലത്ത് വരി നിൽക്കേണ്ടിവന്നത് പ്രയാസമുണ്ടാക്കി.
തിരക്കായതിനാൽ ഉച്ചയോടെ പലരും മസ്റ്ററിങ് നടത്താതെ തിരിച്ചുപോകുന്ന സ്ഥിതിയുമുണ്ടായി. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ അസി. താലൂക്ക് സപ്ലൈ ഓഫീസർ ആർ. ശരത്ചന്ദ്രൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ ടി.എ. രജീഷ്‌കുമാർ, കെ.സി. സഹദേവൻ, ജി.കെ. ഫിന, വി. മീനു, സീനിയർ ക്ലാർക്കുമാരായ കെ.പി. രഘു, എൻ. രമ്യ, എൻ. സതീഷ്‌കുമാർ, എ.വി. ധന്യ, എ. സുധീഷ്, വി.ടി. സ്മിത, ബി.ടി. സൗമ്യ എന്നിവരാണ് മസ്റ്ററിങ് നടപടികൾ നിയന്ത്രിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
