
Perinthalmanna Radio
Date: 25-11-2025
പെരിന്തൽമണ്ണ: പത്രിക പിൻവലിക്കാൻ വിമത സ്ഥാനാർഥിയും സംഘവും പോയത് ആംബുലൻസിൽ. കോഡൂർ പഞ്ചായത്തിലെ യുഡിഎഫിലെ തർക്കമാണ് സിനിമയെ വെല്ലുംവിധമുള്ള ക്ലൈമാക്സോടെ പര്യവസാനിച്ചത്.
കാച്ചടിപ്പറമ്പ് വാർഡിൽ കോൺഗ്രസിനു റിബലായി മത്സരിക്കാൻ നോമിനേഷൻ നൽകിയ മുസ്‍ലിം ലീഗിലെ വനിതാ സ്ഥാനാർഥിയും വാർഡ് ഭാരവാഹികളുമാണ് പെരിന്തൽമണ്ണയിലെ വരണാധികാരിയുടെ ഓഫിസിൽ അതിവേഗമെത്താൻ ആംബുലൻസ് പിടിച്ചത്. ഒപ്പം ലീഗിനു റിബലായി പുളിയാട്ടുകുളം വാർഡിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയ കോൺഗ്രസ് സ്ഥാനാർഥി ചർച്ചയ്ക്കൊടുവിൽ അവസാനനിമിഷം പത്രിക പിൻവലിച്ചു.
ഉച്ചയ്ക്ക് 2.10നാണ് പത്രിക പിൻവലിക്കാൻ ഇരു വാർഡുകളിലെയും വിമത സ്ഥാനാർഥികളും പാർട്ടി നേതൃത്വവും തീരുമാനിച്ചത്. വൈകിട്ട് മൂന്നിന് മുൻപ് പത്രിക പിൻവലിക്കാൻ പെരിന്തൽമണ്ണയിൽ എത്താൻ കണ്ടെത്തിയ എളുപ്പമാർഗമായിരുന്നു ആംബുലൻസ്. ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് നേതൃത്വം കർശന നിലപാടെടുത്തതോടെയാണു സ്പീഡ് കൂട്ടിയത്.
മുസ്‍ലിംലീഗ് മത്സരിക്കുന്ന പുളിയാട്ടുകുളം വാർഡിൽ വിമത സ്ഥാനാർഥിയായി പത്രിക നൽകിയ കോൺഗ്രസ് പ്രവർത്തകനെ കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ നേരിട്ടെത്തി അനുനയിപ്പിച്ചിരുന്നു. പത്രിക പിൻവലിക്കാനും ധാരണയായി. എന്നാൽ, കാച്ചടിപ്പറമ്പിൽ ലീഗ് വിമത സ്ഥാനാർഥിയെയും സംഘത്തെയും അനുനയിപ്പിക്കാൻ നേതൃത്വത്തിന് ഏറെ പാടുപെടേണ്ടി വന്നു. കഴിഞ്ഞദിവസം രാത്രി പി.ഉബൈദുല്ല എംഎൽഎ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ലീഗ് വിമത പത്രിക പിൻവലിക്കില്ലെന്ന സൂചന വന്നതോടെ കോൺഗ്രസ് സ്ഥാനാർഥിയും മത്സരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നു.
ഇന്നലെ രാവിലെ കോഡൂർ പഞ്ചായത്ത് യുഡിഎഫ് യോഗം ചേർന്ന്, വിമതർ മത്സരിക്കുന്ന രണ്ടു വാർഡുകളൊഴികെ മറ്റു വാർഡുകളിൽ ഒരുമിച്ചുപോകാൻ ധാരണയായ ശേഷമാണ് പിരിഞ്ഞത്. അതിനിടെ പഞ്ചായത്ത് ലീഗ് നേതൃത്വം ഒരിക്കൽ കൂടി പാണക്കാട്ടെത്തി വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ടു വിളിച്ച് താക്കീത് നൽകിയതോടെയാണ് ഉച്ചയ്ക്ക് 2.10ന് പത്രിക പിൻവലിക്കാൻ തയാറായത്.
കോൺഗ്രസ് മത്സരിക്കുന്ന മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വലിയാട് ഡിവിഷനിലേക്കു മുസ്‍ലിംലീഗ് നൽകിയ നാമനിർദേശ പത്രികയും പിൻവലിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
