Wednesday, December 25

മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

Share to

Perinthalmanna Radio
Date: 25-12-2024

മലപ്പുറം: മലബാര്‍ മില്‍മ മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ട് നിര്‍മ്മിച്ച മില്‍ക്ക് പൗഡര്‍ പ്ലാന്റും മലപ്പുറം ഡെയറിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പാലുത്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ക്ഷീര വികസന വകുപ്പും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡും പ്രകൃതി ദുരന്തങ്ങളും വിചാരിച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിന് തടസമായിട്ടുണ്ട്. എങ്കിലും ഈ ലക്ഷ്യം സാധിക്കുന്നതിന് വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ഉത്പാദനം ക്ഷീര മേഖലയില്‍ വര്‍ദ്ധിപ്പിക്കണം. ന്യൂട്രീഷന്‍ ഫുഡ് പ്രൊഡക്ടുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്. ഇത്തരം മേഖലകളിലേക്കു കൂടി മില്‍മയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ശ്രദ്ധ തിരിയണം. ശക്തമായ മാര്‍ക്കറ്റിംഗ് ശൃംഖലയും ഈ മേഖലയില്‍ കെട്ടിപ്പടുക്കണം. ഇതൊക്കെ നടപ്പായാല്‍ ക്ഷീര മേഖലയില്‍ മാത്രമല്ല നമ്മുടെ  സാമ്പത്തിക സ്ഥിതിയില്‍ ഒന്നാകെ  വലിമുന്നേറ്റമുണ്ടാക്കാനാവും.
കാലാവസ്ഥ വ്യതിയാനം പാല്‍ സംഭരണത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി സംസ്ഥാനത്തെ ചില്ലിംഗ് പ്ലാന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ക്ഷീര വികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. മില്‍മ ഡെയറി വൈറ്റ്‌നറിന്റെ വിപണനോദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിച്ചു. പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി, മലപ്പുറം ഡെയറി എന്നീ പദ്ധതികളുടെ തുടക്കകാലത്ത്   ക്ഷീര വികസന വകുപ്പു മന്ത്രിയായിരുന്ന കെ. രാജുവിനെ മുഖ്യമന്ത്രിയും   അന്നത്തെ മില്‍മ ചെയര്‍മാനായിരുന്ന പി.ടി. ഗോപാലക്കുറുപ്പിനെ മന്ത്രി ജെ. ചിഞ്ചുറാണിയും പൊന്നാടയണിയിച്ച് ആദരിച്ചു.

ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള ലാപ്   ടോപ്പ് വിതരണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയും മലബാറിലെ മികച്ച യുവ ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് വിതരണം മഞ്ഞളാംകുഴി അലി എംഎല്‍എയും ക്ഷീര കര്‍ഷകക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയും നിര്‍വ്വഹിച്ചു.

ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള വെറ്ററിനറി ആന്റ് ഡെയറി സയന്‍സ്  പഠന സ്‌കോളര്‍ഷിപ്പ് വിതരണം  ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദും ഐഎസ്ഒ സംഘം ജീവനക്കാര്‍ക്കുള്ള  വാര്‍ഷിക ഗ്രാന്റ് വിതരണം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍  മൂത്തേടവും മലബാറിലെ ആറ് ഡെയറികള്‍ക്കുള്ള ഐഎസ്ഒ  സര്‍ട്ടിഫിക്കറ്റ് കൈമാറല്‍  ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണനും നിര്‍വ്വഹിച്ചു.  പാല്‍പ്പൊടി  ഫാക്ടറിയുടെ നിര്‍മാതാക്കളായ ടെട്രാപാക്കിനെ മില്‍മ എംഡി ആസിഫ് കെ.യൂസഫും  ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറെ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥും ഫയര്‍ സേഫ്റ്റി & ഇടിപി കോണ്‍ട്രാക്ടര്‍മാരെ നബാര്‍ഡ്  ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പും  ആദരിച്ചു. എംആര്‍ഡിഎഫ് ചാരിറ്റി ധനസഹായ വിതരണവും കന്നുകാലി ഇന്‍ഷ്വറന്‍സ് ഓണ്‍ലൈന്‍ എന്‍ റോള്‍മെന്റ് ഉദ്ഘാടനവും ക്ഷീര വികസന വകുപ്പ് ഡയറക്ടറും ഡെയറി രജിസ്ട്രാറുമായ  ശാലിനി ഗോപിനാഥ് നിര്‍വ്വഹിച്ചു. കന്നുകാലി ഇന്‍ഷ്വറന്‍സ് ക്ലെയിം തുക വിതരണം  മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ കെ. സിന്ധുവും സ്‌നേഹമിത്ര ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്  പോളിസി കൈമാറ്റം മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  സെറീന ഹസീബും ക്ഷീര സുമംഗലി  സമ്മാന വിതരണം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി. അബ്ദുള്‍ കരീമും ക്ഷീര സമാശ്വാസം സഹായ വിതരണം മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാറും അരുണോദയ  പദ്ധതി മരുന്ന് വിതരണ ഉദ്ഘാടനം കെഎല്‍ഡിബി മാനേജിംഗ് ഡയറക്ടര്‍ ഡോ. ആര്‍ രാജീവും നിര്‍വ്വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *