
Perinthalmanna Radio
Date: 26-01-2024
മലപ്പുറം: ഇന്ത്യ ലോകവേദിയില്‍ ഇന്നും തലയുയർത്തി നില്‍ക്കുന്നത് ശക്തമായ ഭരണ ഘടനയുള്ളതു കൊണ്ടാണെന്നും ഒരു പോറല്‍ പോലു മേല്ക്കാതെ രാജ്യത്തിന്റെ പരമാധികാരവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര് അനില്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റിപ്പബ്ലിക്കായി മാറിയതിനു ശേഷം എല്ലാ മേഖലകളിലും അഭിമാനകരമായ മുന്നേറ്റമാണ് രാജ്യം കാഴ്ചവെച്ചത്. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. എന്നാല്‍ വംശീയവും മതപരവുമായ വിഭാഗീയതകളും സംഘർഷങ്ങളും അവസാനിപ്പിക്കാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. ദാരിദ്ര്യവും അസമത്വവും തുടച്ചു നീക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും അടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയിലാണ്. തുല്യത, സാമൂഹ്യനീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെയുള്ള മഹനീയാദർശങ്ങളാണ് ഈ രാജ്യത്തിന്റെ ആത്മാവ്. ഈ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം രാജ്യത്തേറ്റവും ഫലപ്രദമായും ആത്മാർത്ഥമായും നിറവേറ്റിയത് കേരളമാണ്.
സമഗ്രമായ കാർഷിക ഭൂപരിഷ്കരണം, സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം, സൗജന്യ ചികിത്സാസൗകര്യങ്ങള്‍, ഫലപ്രദമായ അധികാര വികേന്ദ്രീകരണം, സമ്പൂർണ്ണ വൈദ്യുതീകരണം, സമ്പൂർണ്ണസാക്ഷരത, സമ്പൂർണ്ണപാർപ്പിട ഭൂമിലഭ്യത, സമ്പൂർണ്ണ ദാരിദ്ര്യനിർമ്മാർജ്ജനം, കാര്യക്ഷമമായ പൊതുവിതരണശൃംഖല എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ഘടനയും മൂല്യങ്ങളും നിലനിർത്താന്‍ കഴിയാത്തപക്ഷം ഈ നേട്ടങ്ങളൊക്കെ പ്രയോജനരഹിതമായിത്തീരുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വൈദേശിക ശക്തികളുടെ അടിമത്തത്തിൽ നിന്നും ഇന്ന് നാം അനുഭവിക്കുന്ന ദേശീയ പരമാധികാരത്തിലേക്കുള്ള പാതകൾ ദേശാഭിമാനികളായ പൂർവ്വികരുടെ ത്യാഗത്തിലും ആത്മബലിയിലും കെട്ടിപ്പടുത്തതാണ്. വൈദേശിക ഭരണത്തോട് ആത്മവീര്യം മാത്രം കൈമുതലാക്കി ഏറ്റുമുട്ടിയവരായിരുന്നു ഏറനാടന്‍ കർഷകരെന്നും മന്ത്രി അനുസ്മരിച്ചു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം. പരമേശ്വരന് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയല്‍ ഫോഴ്സ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 36 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജില്ലാ കളക്ടര്‍ വി.ആര് വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി തുടങ്ങിയവര്‍ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
