കരിപ്പൂരിലേക്ക് കൂടുതൽ സർവീസുകൾ; ടിക്കറ്റ് നിരക്കിൽ പ്രതീക്ഷയോടെ പ്രവാസികൾ

Share to

Perinthalmanna Radio
Date: 26-02-2024

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾ തുടങ്ങുമെന്ന വിമാനക്കമ്പനികളുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ. ഈ മാസം 28ന് നിലവിൽ വരുന്ന സമ്മർ ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തും. റിയാദ് സർവീസിന് പുറമെ ജിദ്ദയിലേക്കും സർവീസ് നടത്താനാണ് ഫ്‌ളൈനാസ്, സ്‌പൈസ് ജെറ്റ് കമ്പനികളുടെ തീരുമാനം. നിലവിൽ എയർഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്ക് ഒരു പ്രതിദിന സർവീസ് നടത്തുന്നുണ്ട്. സീസണിൽ ആഴ്ചകൾക്ക് മുമ്പേ തന്നെ ടിക്കറ്റ് തീരുന്നതാണ് സ്ഥിതി. ജിദ്ദയിലേക്ക് കൂടുതൽ സ‌ർവീസുകൾ തുടങ്ങണമെന്നത് പ്രവാസികളുടെ നിരന്തര ആവശ്യമാണ്. അബൂദാബി, ഷാർജ്ജ, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് എയർഇന്ത്യയുടെ മറ്റ് സർവീസുകൾ. നിറുത്തിയ ദമാം സർവീസ് മാർച്ച് 21 മുതൽ ഇൻഡിഗോ പുനഃരാരംഭിക്കും. ശ്രീലങ്കയിലെ കൊളംബോയിലേക്ക് ഫിറ്റ്സ് എയറും മലേഷ്യയിലെ ക്വലാലംപൂരിലേക്ക് എയർ എഷ്യയും അധികം വൈകാതെ സർവീസുകൾ തുടങ്ങും. മലേഷ്യ സെക്ടറിൽ സർവീസ് തുടങ്ങണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

സീസൺ സമയങ്ങളിൽ ടിക്കറ്റ് കൊള്ളയിൽ നിന്ന് രക്ഷപ്പെടാൻ ഗൾഫിൽ നിന്ന് കൊളംബോ വഴി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. കൊളംബോയിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചും സർവീസ് തുടങ്ങുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് അടക്കം കണക്ടിംഗ് വിമാനങ്ങൾ ലഭിക്കാൻ സഹായകരമാവും. കരിപ്പൂരിൽ നിന്നുള്ള ആഭ്യന്തര സർവീസുകളുടെ എണ്ണവും വർദ്ധിപ്പിക്കാനാണ് വിമാനക്കമ്പനികളുടെ തീരുമാനം. എയർഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസിന് കഴിഞ്ഞ ദിവസം തുടക്കമിട്ടിട്ടുണ്ട്. ജനുവരിയിൽ ബംഗളൂരുവിലേക്കും പ്രതിദിന സർവീസ് തുടങ്ങിയിരുന്നു. നിലവിൽ ബംഗളൂരുവിലേക്ക് മൂന്നും ചെന്നൈയിലേക്ക് രണ്ടും പ്രതിദിന സർവീസുകളുണ്ട്. ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലേക്ക് ഓരോന്നും.

വിമാനാപകടത്തിന് ശേഷം കോഡ് സി-യിലുള്ള പരമാവധി 180 മുതൽ 220 വരെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇടത്തരം വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ വിമാനങ്ങളുടെ സർവീസ് വിലക്കിയത് പിൻവലിക്കാത്തതിനാൽ സൗദി എയർലൈൻസ് കരിപ്പൂരിൽ നിന്നുള്ള സർവീസിന് താത്പര്യം കാണിക്കുന്നില്ല.
പ്രവാസികൾ ഏറെയുള്ള ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യയ്ക്ക് പുറമെ പ്രധാനമായും സർവീസ് നടത്തിയിരുന്നത് സൗദി എയർലൈൻസ് ആയിരുന്നു. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വലിയ വിമാനങ്ങളാണ് സൗദി എയർലൈൻസിന്റേത്. നിലവിൽ കരിപ്പൂരിൽ ഗൾഫ് സെക്ടറിൽ മാത്രമാണ് അന്താരാഷ്ട്ര സർവീസുള്ളത്. വലിയ വിമാനങ്ങൾക്ക് വിലക്കുള്ളതിനാൽ ഹജ്ജ് സ‌ർവീസിനുള്ള ടെൻഡറിൽ എയർഇന്ത്യ മാത്രമാണ് പങ്കെടുത്തത്. മറ്റ് വിമാനത്താവളങ്ങളേക്കാൾ ഉയർന്ന നിരക്കാണ് എയ‌ർഇന്ത്യ ഏ‌ർപ്പെടുത്തിയിട്ടുള്ളത്.

ചെറിയ വിമാനങ്ങളുടെ സർവീസ് മാത്രമേയുള്ളൂ എങ്കിലും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കരിപ്പൂർ വിമാനത്താവളം. പ്രവാസികൾ കരിപ്പൂരിനെ കൈവിട്ടില്ലെന്നതിന്റെ തെളിവാണിത്. ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ 26.80 ലക്ഷം യാത്രക്കാർ കരിപ്പൂർ വഴി യാത്രയായി. ഇതിൽ 20 ലക്ഷത്തോളം പേരും അന്താരാഷ്ട്ര യാത്രക്കാരാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *