സ്‌കൂളിൽ ഇത്തവണയും ‘ഓൾ പാസ്’ തുടരും; മൂല്യനിർണയത്തിൽ അധ്യാപകരെ നിരീക്ഷിക്കും

Share to

Perinthalmanna Radio
Date: 26-03-2024

സ്കൂളില്‍ ‘ഓള്‍ പാസ്’ വേണ്ടെന്ന കേന്ദ്ര നിര്‍ദേശം പാലിച്ചില്ലെങ്കിലും ഈ വര്‍ഷം മുതല്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഒരു കണ്ണുവെക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

‘ഓള്‍ പാസ്’ ഉള്ളതിനാല്‍ ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷപ്പേപ്പര്‍ നോക്കുന്നതില്‍ അധ്യാപകര്‍ ലാഘവബുദ്ധി കാണിക്കുന്നെന്നാണ് വിലയിരുത്തല്‍. ഇതു പരിഹരിക്കാന്‍, ഇത്തവണ മൂല്യനിര്‍ണയം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അധ്യാപകരെ നിരീക്ഷിക്കും. ഇതിനായി പ്രത്യേകം നിരീക്ഷകരെ നിയോഗിക്കും.

മൂല്യനിര്‍ണയത്തില്‍ 30 ശതമാനം മാര്‍ക്കുനേടാത്ത കുട്ടികളുടെ പ്രത്യേക വിവരശേഖരം തയ്യാറാക്കും. തുടര്‍ന്ന്, അവരുടെ പഠനനിലവാരം ഉറപ്പാക്കാനുള്ള പിന്തുണാസൗകര്യം സ്കൂളുകളില്‍ ഒരുക്കും. ഓരോ ക്ലാസിലും ആര്‍ജിക്കേണ്ട ശേഷി വിദ്യാര്‍ഥി നേടിയെന്ന് ഇങ്ങനെ ഉറപ്പാക്കും. അല്ലാത്തവര്‍ക്ക് അക്കാദിക പിന്തുണ നല്‍കാന്‍ പ്രത്യേക പഠനപരിപാടികള്‍ ആവിഷ്കരിക്കും.

എസ്.സി.ഇ.ആര്‍.ടി. മുന്‍കൈയെടുത്താണ് സ്കൂള്‍ വിദ്യാഭ്യാസത്തിലെ അക്കാദമിക ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ഈ യജ്ഞം. ഇതിന്റെ അവലോകനയോഗം മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്നു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.

മേയ് ആദ്യവാരം പരീക്ഷാഫലം പുറത്തുവരും. അതിനുശേഷം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളുമായി അധ്യാപകര്‍ പ്രത്യേകസമ്പര്‍ക്കംപുലര്‍ത്തി പിന്തുണാപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. ജൂണില്‍ സ്‌കൂള്‍ തുറന്നാല്‍, ആദ്യ രണ്ടാഴ്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ കരടുരൂപരേഖ പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *