
Perinthalmanna Radio
Date: 26-04-2025
പെരിന്തൽമണ്ണ: ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ലക്ഷ്യമിട്ടുള്ള ഓരാടംപാലം– മാനത്തുമംഗലം ബൈപാസ് പദ്ധതി പിഡബ്ല്യുഡി ഡിസൈൻ വിഭാഗത്തിന്റെ പരിഗണനയിലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് അധികൃതരുടെ മറുപടി. സ്വപ്ന പദ്ധതി സംഭിച്ചിട്ട് വർഷങ്ങളായി. ബൈപാസിന് ആവശ്യമായ മേൽപാലത്തിന്റെ അംഗീകാരത്തിനായി പിഡബ്ല്യുഡി അധികൃതർ റെയിൽവേക്ക് അലൈൻമെന്റ് സമർപ്പിച്ചിരുന്നു. റെയിൽവേ നിർദേശം അനുസരിച്ചുള്ള തിരുത്തുകൾ വരുത്താൻ ഡിസൈൻ വിഭാഗത്തിനു പദ്ധതി വിട്ടിരിക്കുകയാണെന്നാണു മറുപടി. ഖാദർ അങ്ങാടിപ്പുറം നൽകിയ വിവരാവകാശ ചോദ്യത്തിനാണു പിഡബ്ല്യുഡി ചീഫ് എൻജിനീയർ നൽകിയ മറുപടി. എന്നാൽ പദ്ധതി സർക്കാർ ഉപേക്ഷിച്ച മട്ടാണ്.
2011ൽ വിഎസ് സർക്കാരാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിനടുത്ത് നിന്ന് ആരംഭിച്ച് പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിൽ അവസാനിക്കുന്നതാണ് 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി. അന്നത്തെ എംഎൽഎ വി.ശശികുമാറായിരുന്നു ഈ ആശയത്തിനു പിന്നിൽ. പദ്ധതിക്കായി 38 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു.
ഇത് അംഗീകരിച്ച് ട്രഷറി നിക്ഷേപം സമാഹരിച്ച് സ്ഥലമെടുപ്പിന് 10 കോടി രൂപയും അനുവദിച്ചതാണ്. ഇതിനു പുറമേ പിന്നീട് റെയിൽവേക്ക് നൽകുന്നതിനായി പിആൻഡ്ഇ ചാർജ് ഇനത്തിൽ പ്രത്യേക ഉത്തരവ് വഴി 16,23,800 രൂപയും അനുവദിച്ചു. പിന്നീട് അങ്ങാടിപ്പുറം മേൽപാലത്തിന്റെ ചർച്ച സജീവമാകുകയും പദ്ധതി യാഥാർഥ്യമാവുകയും ചെയ്തതോടെ ബൈപാസ് സ്തംഭിച്ചു. തുടർന്നുവന്ന സർക്കാരുകൾ ഇക്കാര്യത്തിൽ താൽപര്യമെടുത്തില്ല.
പദ്ധതിക്കായി അതിർത്തി കല്ലുകൾ സ്ഥാപിച്ചതല്ലാതെ തുടർചലനങ്ങളുണ്ടായില്ല. ദേശീയപാതയിൽ ഈ മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പൂർണമായി അഴിക്കാൻ പദ്ധതി വഴി സാധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പെരിന്തൽമണ്ണയിലെ നവകേരള സദസ്സിൽ ഇതു സംബന്ധിച്ച ഉറപ്പ് നൽകിയിരുന്നതാണ്. ഇതും പാലിക്കപ്പെട്ടില്ല.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
