
Perinthalmanna Radio
Date: 26-05-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ അറ്റകുറ്റപ്പണിക്കായി അടച്ച പേവാർഡ് കെട്ടിടം 2 വർഷം പിന്നിട്ടിട്ടും തുറന്നു നൽകാനായില്ല. ജല വിതരണ പൈപ്പിലെ ചോർച്ചയും ശുചിമുറി ടാങ്കിന്റെ ശോചനീയാവസ്ഥയുമാണ് അടച്ചിടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 2 വർഷം പിന്നിട്ടിട്ടും തകരാറ് പരിഹരിക്കാൻ നടപടിയെടുക്കാത്തത് തികഞ്ഞ അനാസ്ഥയാണ്. മഴക്കാല രോഗങ്ങൾ വർധിച്ചതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ട്.
അതേസമയം കെഎച്ച്ആർഡബ്ല്യുഎസിനാണ് പേവാർഡിന്റെ ചുമതലയെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരും ആശുപത്രി അധികൃതരും പറയുന്നത്. ഈ വാർഡിൽ നിന്നുള്ള വരുമാനം കെഎച്ച്ആർഡബ്ല്യുഎസിനാണ്. അറ്റകുറ്റപ്പണി നടത്താൻ അടച്ചിട്ടത് ഇവരാണ്.
അറ്റകുറ്റപ്പണി നടത്തി വാർഡ് തുറന്നു നൽകാൻ പലതവണ ആവശ്യപ്പെട്ടതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. വീണ്ടും ഇക്കാര്യം ആവശ്യപ്പെടാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്എംസി യോഗം തീരുമാനിച്ചതായും അവർ പറഞ്ഞു. അധികൃതരുടെ അലംഭാവം നിമിത്തം 2 നിലകളിലായി 9 മുറികളാണ് ഇവിടെ ഉപയോഗശൂന്യമായി കിടക്കുന്നത്.
ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഉൾപ്പെടെയുള്ള സാങ്കേതിക പ്രയാസങ്ങളിൽപെട്ട് മാതൃശിശു ബ്ലോക്കിന്റെ വലിയൊരു ഭാഗം കാര്യക്ഷമമായി ഉപയോഗിക്കാനാവാത്ത സാഹചര്യമുണ്ട്. സുരക്ഷാ കാരണങ്ങളാൽ മെഡിക്കൽ വാർഡ് കെട്ടിടവും പൊളിച്ചു നീക്കുന്നതിനായി അടച്ചിട്ടിരിക്കുകയാണ്. അതിനിടെയാണ് പേവാർഡ് കൂടി അടഞ്ഞു കിടക്കുന്നത്.
മുൻപ് എൻഎച്ച്എം കെട്ടിടം നിർമിക്കുന്നതിന് പഴയ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കുന്ന കാര്യത്തിൽ കെഎച്ച്ആർഡബ്ല്യുഎസിന്റെ തടസ്സവാദങ്ങൾ മൂലം ഒരു വർഷത്തിലേറെ നിർമാണം സ്തംഭിച്ചിരുന്നു. ഒടുവിൽ പുതിയ കെട്ടിടത്തിൽ സ്ഥലം അനുവദിക്കാമെന്ന രേഖാമൂലമായ ഉറപ്പിലാണ് പഴയ പേവാർഡ് പൊളിക്കാൻ അനുമതി നൽകിയത്.
ജില്ലാ ആശുപത്രിയിൽ ജനറൽ മെഡിസിൻ ഒപി വിഭാഗത്തിൽ കൺസൽറ്റന്റ് തസ്തികയിൽ ആളില്ലാത്തതും ദുരിതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ഒപിയാണിത്. ആകെയുള്ള ഒരാൾക്ക് പ്രശ്നങ്ങളോ ഡ്യൂട്ടിയോ വന്നാൽ ഈ ഒപി തന്നെ മുടങ്ങുന്ന സ്ഥിതിയുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
