
Perinthalmanna Radio
Date: 26-05-2025
തൂത: മഴകാരണം തൂതപ്പുഴയിൽ ജലനിരപ്പ് കൂടിയതിനാൽ തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണം താത്കാലികമായി നിർത്തിവെച്ചു. ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് പുഴയിലേക്ക് നിർമാണ യന്ത്രങ്ങളും വാഹനങ്ങളും ഇറക്കുവാൻ ഉണ്ടാക്കിയ താത്കാലിക മൺറോഡ് ഒലിച്ചുപോയി. കൂടാതെ പുഴയിൽ പാലം നിർമാണത്തിന് തയ്യാറാക്കിവെച്ചിരുന്ന കമ്പികൾ, പാലത്തിന്റെ തൂണുകളുടെ കോൺക്രീറ്റിന് താങ്ങായിവെച്ചിരുന്ന തൂണുകൾ, മറ്റ് നിർമാണ ഉപകരണങ്ങൾ തുടങ്ങിയവയും പുഴവെള്ളത്തിൽ ഒലിച്ചുപോയി.
മഴക്കാലം ശക്തമാകുന്നതിന് മുൻപായി പാലത്തിന്റെ തൂണുകളുടെ പണി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. പതിവിലും നേരത്തേ മഴ ശക്തമായതാണ് തിരിച്ചടിയായത്. ആറ് തൂണുകളിലാണ് പാലം നിർമിക്കുന്നത്. ഇതിൽ നാലുതൂണുകളുടെ പണി പകുതിയിലധികം പൂർത്തിയായിട്ടുണ്ട്. നിലവിലെ പാലത്തിന് സമീപം മലപ്പുറം ജില്ലയിലെ തീരത്ത് പാർശ്വഭിത്തി മഴയിൽ ഇടിഞ്ഞു. റി-ബിൽഡ് കേരള പദ്ധതിയിപ്പെടുത്തി തൂത-മുണ്ടൂർ സംസ്ഥാന പാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പതിയ പാലം നിർമിക്കുന്നത്.
ചെർപ്പുളശ്ശേരി കാക്കത്തോടിന് കുറുകേയും പത്ത് മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കുന്നുണ്ട്. ഇവിടെ തോട്ടിലൂടെയുണ്ടാക്കിയ താത്കാലിക റോഡിന്റെ ഒരുഭാഗം മഴവെള്ളത്തിൽ ഒലിച്ചുപോയതിനാൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പുഴയിലെ വെള്ളം കുറഞ്ഞാൽ പണി ഉടൻ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
