പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; ജില്ലയിലെ പ്രവേശന റോഡുകള്‍ മാറിയേക്കും

Share to


Perinthalmanna Radio
Date: 26-10-2025

മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയ പാതയിലേക്ക് നേരത്തെ നിശ്ചയിച്ച പ്രവേശന റോഡുകളില്‍ മാറ്റം വരാൻ സാദ്ധ്യത. പ്രവേശന റോഡുകള്‍ ഒരുക്കാൻ കണ്ടെത്തിയ ആറ് കേന്ദ്രങ്ങള്‍ക്ക് പുറമെ 11 ഇടങ്ങളില്‍ കൂടി പുതുതായി മണ്ണ് പരിശോധന തുടങ്ങി.

നേരത്തെ കരുവാരക്കുണ്ട് വില്ലേജിലെ ഇരിങ്ങാട്ടിരി, ചെമ്ബ്രശ്ശേരി വില്ലേജിലെ കൊടശ്ശേരി, കാരക്കുന്ന് ചീനിക്കല്‍, അരീക്കോട് വില്ലേജിലെ പൂക്കോട്ടുചോല, ചീക്കോട് ഇരുപ്പൻതൊടി, വാഴയൂർ പുഞ്ചപ്പാടം എന്നിവിടങ്ങളിലാണ് പ്രവേശന റോഡുകള്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി ചെമ്ബ്രശ്ശേരിയില്‍ നിന്ന് 485 സെന്റ്, അരീക്കോട് -363, വാഴക്കാട് -168, ചീക്കോട് – 363, വെട്ടിക്കാട്ടിരി – 26, കരുവാരക്കുണ്ട് – 478, വാഴയൂർ – 397 സെന്റ് എന്നിങ്ങനെ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

ഭൂമി ഏറ്റെടുക്കാനുള്ള ത്രീ എ വിജ്ഞാപനം 2024 ജൂലായില്‍ പുറപ്പെടുവിപ്പിച്ചു. ത്രീ ഡി വിജ്ഞാപനം ഇറക്കാൻ ദേശീയപാത അതോറിറ്റി വൈകിയതോടെ ത്രീ എ വിജ്ഞാപനം കാലഹരണപ്പെട്ടിട്ടുണ്ട്. ഒരുവർഷമാണ് കാലപരിധി. ഇതിനിടെ പുതുതായി 11 കേന്ദ്രങ്ങളെ കൂടി പ്രവേശന റോഡുകള്‍ നിർമ്മിക്കാനായി ദേശീയപാത അതോറിറ്റി പരിഗണിച്ചതോടെ ഇവയടക്കം ഉള്‍പ്പെടുത്തിയാവും പുതിയ ത്രീ എ വിജ്ഞാപനം ഇറക്കുക. 17 കേന്ദ്രങ്ങളില്‍ നിന്ന് ആറിടങ്ങളെ തിരഞ്ഞെടുത്ത് അധിക ഭൂമിയേറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കും.

*യാത്രാദൈർഘ്യവും വേഗവും കൂടും*

* ദേശീയപാത 544ല്‍ പാലക്കാട് മരുത റോഡില്‍ നിന്നാരംഭിച്ച്‌ എൻ.എച്ച്‌ 66ല്‍ കോഴിക്കോട് രാമനാട്ടുകര ജംഗ്ഷൻ വരെ 45 മീറ്റർ വീതിയില്‍ നാല് വരികളിലായാണ് ഗ്രീൻഫീല്‍ഡ് പാതയുടെ നിർമ്മാണം.
* 122 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാതയുടെ 52 കിലോമീറ്റർ മലപ്പുറം ജില്ലയിലൂടെയാണ് കടന്നുപോവുന്നത്. 62.2 കിലോമീറ്റർ പാലക്കാടും 6.48 കിലോമീറ്റർ കോഴിക്കോട് ജില്ലയിലുമാണ്.
* വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, തൂവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് ഗ്രീൻഫീല്‍ഡ് പാത കടന്നുപോവുന്നത്.
* കേന്ദ്ര സർക്കാരിന്റെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിക്കുന്ന പാത പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള ദൂരം 45 കിലോമീറ്റർ കുറയ്ക്കും. യാത്രസമയം രണ്ട് മണിക്കൂറായി ചുരുക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *