
Perinthalmanna Radio
Date: 26-11-2024
മേലാറ്റൂർ : നവീകരണം അനന്തമായി നീളുന്ന സംസ്ഥാനപാതയിൽ പൊടിശല്യവും അതിരൂക്ഷം. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാനപാതയുടെ പുലാമന്തോൾ മുതൽ ഒലിപ്പുഴ വരെയുള്ള റോഡിന്റെ നവീകരണമാണു നീളുന്നത്. റോഡിലെ കുഴികളടയ്ക്കുന്നതിനായി കൊണ്ടുവന്നിട്ട ക്വാറി മാലിന്യവും പാറപ്പൊടിയുമാണിപ്പോൾ വില്ലനായിരിക്കുന്നത്. പാടെ തകർന്നുകിടക്കുന്ന റോഡിൽ വേനൽ കടുത്തതോടെ പൊടിശല്യം അതിരൂക്ഷമായിരിക്കുകയാണ്. വേങ്ങൂർ മുതൽ ഒലിപ്പുഴ വരെയള്ള റോഡിൽ വലിയ കുഴികളും പൊടിയും ചരലുമെല്ലാം നിറഞ്ഞു കിടക്കുകയാണിപ്പോൾ. അമിതവേഗതയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പാറി ഉയരുന്ന പൊടി പിറകിൽവരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ചകൂടി മറയ്ക്കുന്ന അവസ്ഥയാണുണ്ടാക്കുന്നത്. അതോടൊപ്പം റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും ഓട്ടോ-ടാക്സി പാർക്കിലെ ഡ്രൈവർമാർക്കുമെല്ലാം ഈ പൊടി വലിയ വെല്ലുവിളിയാവുകയാണ്.
പൊടിശല്യം അസഹ്യമായതോടെ വാഹനത്തിൽ വെള്ളമെത്തിച്ച് റോഡിൽ ഒഴിക്കുകയാണിപ്പോൾ ചെയ്യുന്നത്. എന്നാൽ പൊള്ളുന്ന ചൂടിൽ വെള്ളം വേഗം വറ്റിത്തീരുന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി വീണ്ടും പറന്നുയരും. മാസങ്ങളായി തുടരുന്ന ഈ ദുരവസ്ഥ കാരണം ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും പരാതി ഉയരുന്നുണ്ട്.
നാലു വർഷം മുൻപ് തുടങ്ങിയ റോഡ് നവീകരണം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായാണ്. പണി എന്നു തുടങ്ങുമെന്നോ എന്നു തീരുമെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. അധികൃതരുടെ അനാസ്ഥയിൽ റോഡ് നവീകരണം അനന്തമായി നീളുമ്പോൾ നടുവൊടിഞ്ഞ് യാത്രക്കാരും പൊടിതിന്ന് നാട്ടുകാരും ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
