
Perinthalmanna Radio
Date: 27-01-2026
പെരിന്തൽമണ്ണ: മലിനീകരണത്താൽ നാശത്തിന്റെ വക്കിലെത്തിയ ചെറുപുഴയെ വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ചേലുള്ള ചെറുപുഴ’ മെഗാ ക്യാമ്പയിന് തുടക്കം കുറിച്ചു. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക ഘോഷ യാത്രയോടെയാണ് പുഴ സംരക്ഷണ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, വൈസ് പ്രസിഡന്റ് പി.കെ. ഹാരിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഘോഷ യാത്രയിൽ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണി നിരന്നു. നമ്മുടെ ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന സന്ദേശമാണ് ഈ ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നത്.
ഘോഷയാത്രയുടെ സമാപനത്തിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നദികൾ മനോഹരമായ കാഴ്ചകളായി നിലനിൽക്കുമ്പോൾ, നമ്മുടെ നാട്ടിൽ നദികൾ മലിനമാക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുപുഴയെ സംരക്ഷിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഈ വലിയ ദൗത്യത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ശുദ്ധമായ വെള്ളവും വായുവും വരും തലമുറയ്ക്ക് ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
മാലിന്യം അടിഞ്ഞു കൂടി ഉപയോഗ ശൂന്യമായ പുഴയെ വീണ്ടെടുക്കാൻ ജനങ്ങളിൽ പൗരബോധം വളർത്തുന്നതിനായി ബോധവൽക്കരണ ക്ലാസുകളും തെരുവു നാടകങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടക്കും. കുട്ടികളെയും യുവജനങ്ങളെയും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് ജല സ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി ഈ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
