
Perinthalmanna Radio
Date: 27-01-2026
വളാഞ്ചേരി: അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരുന്ന തിരുവേഗപ്പുറ പാലം പണി പൂർത്തീകരിച്ച് നാളെ ജനുവരി 28-ന് (ബുധനാഴ്ച) രാവിലെ ആറ് മണിക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കും. പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ജനുവരി ഒന്നാം തീയതി മുതലായിരുന്നു പാലം പൂർണ്ണമായും അടച്ചിട്ടത്.
കഴിഞ്ഞ ഒരു മാസത്തോളമായി നടന്ന ബലപ്പെടുത്തൽ ജോലികൾക്ക് ശേഷമാണ് ഇപ്പോൾ പാലം ഗതാഗതത്തിന് സജ്ജമായിരിക്കുന്നത്. വിള്ളൽ കണ്ട ഭാഗങ്ങളിലെ കോൺക്രീറ്റ് ജോലികൾ, പാലത്തിനടിയിലെ രണ്ട് ബീമുകൾക്കിടയിൽ പുതിയ സ്ലാബ് നിർമ്മാണം, ടാറിംഗ് എന്നിവയാണ് പ്രധാനമായും നടന്നത്. തിരൂർ പി.ഡബ്ല്യു.ഡി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ധീരജ് കുമാർ, ഓവർസിയർ സൗമ്യ, മഞ്ചേരി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.
പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു കൊണ്ടായിരുന്നു പ്രവൃത്തികൾ നടന്നത്. ഇതുമൂലം വളാഞ്ചേരി – പട്ടാമ്പി റൂട്ടിലോടുന്ന ബസുകൾ പാലത്തിന്റെ ഇരുവശങ്ങളിലുമായി സർവീസ് അവസാനിപ്പിക്കുകയും, യാത്രക്കാർ നടന്നു പാലം കടന്ന ശേഷം മറുഭാഗത്തെ ബസുകളെ ആശ്രയിക്കുകയുമായിരുന്നു ചെയ്തിരുന്നത്. പാലം തുറക്കുന്നതോടെ പ്രദേശവാസികളുടെയും ദീർഘദൂര യാത്രക്കാരുടെയും യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. കൂടാതെ, അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിന്റെ തിരുവേഗപ്പുറ ഭാഗത്ത് ഇരുവശങ്ങളിലുമായി സൈഡ് ഭിത്തി നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
