
Perinthalmanna Radio
Date: 27-02-2025
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഉയർന്ന ഹജ് യാത്രാനിരക്കിൽ ഇളവുണ്ടാകില്ലെന്നു സൂചന നൽകുന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മറുപടിയിൽ പ്രതിഷേധം. നിലപാട് കോഴിക്കോട് വിമാനത്താവളത്തോടുള്ള വിവേചനമാണെന്ന് ആക്ഷേപം. കരിപ്പൂർ വിമാനത്താവളത്തിന്റെ പരിമിതികളാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാട്.
കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളാണ് ഹജ് കമ്മിറ്റിയുടെ കീഴിലുള്ള കേരളത്തിലെ ഹജ് പുറപ്പെടൽ കേന്ദ്രങ്ങൾ. എന്നാൽ, മറ്റു 2 വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏകദേശം 40,000 രൂപ കൂടുതലാണ് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ് യാത്രക്കൂലി. നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി നൽകിയ നിവേദനത്തിന് വ്യോമയാന മന്ത്രാലയ സെക്രട്ടറി നൽകിയ മറുപടിയിലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടിയത്.
നല്ലരീതിയിൽ വിമാന സർവീസുകളും കുറഞ്ഞനിരക്കിൽ യാത്രാസൗകര്യവും ലഭിച്ചിരുന്ന വിമാനത്താവളമാണു കരിപ്പൂരിലേതെന്നും എന്തു സാങ്കേതികത്വം പറഞ്ഞാലും ഇപ്പോൾ നടക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢാലോചനയാണെന്നും ടി.വി.ഇബ്രാഹിം എംഎൽഎ പറഞ്ഞു. ആളുകളെ മറ്റു വിമാനത്താവളങ്ങളിലേക്ക് ആകർഷിക്കുന്നതിലൂടെ കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂരിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.
കേരളത്തിലെ മറ്റ് പുറപ്പെടൽ കേന്ദ്രങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിനു മാത്രമായുള്ള പരിമിതികളാണ് നിരക്ക് ഉയരാൻ കാരണമെന്നാണു മന്ത്രാലയത്തിന്റെ വിശദീകരണം. ടേബിൾ ടോപ് റൺവേയും വലിയ വിമാനങ്ങൾക്കു സർവീസ് നടത്തുന്നതിനുള്ള നിയന്ത്രണവും കാരണങ്ങളായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കുറച്ച് തീർഥാടകരെ മാത്രമേ ഒരു വിമാനത്തിൽ കൊണ്ടുപോകാനാകൂ എന്നും മറുപടിയിലുണ്ട്.
കേന്ദ്രനിലപാട് തിരുത്തണമെന്നും ഇത്തവണ ഇവിടെ തീർഥാടകർ കുറയാൻ കാരണം കഴിഞ്ഞ വർഷം നിരക്ക് കുത്തനെ കൂട്ടിയതാണെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും എയർപോർട്ട് ഉപദേശക സമിതി അംഗം എ.കെ.എ.നസീർ പറഞ്ഞു. നിരക്കു കുറയ്ക്കാൻ സംസ്ഥാന ഹജ് കമ്മിറ്റി ശ്രമം തുടരുകയാണെന്ന് ഹജ് അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ.കക്കൂത്ത് പറഞ്ഞു.
കേരളത്തിൽ കൂടുതൽ തീർഥാടകർ മലപ്പുറം, കോഴിക്കോട് ജില്ലയിൽനിന്നാണ്. അവർ സാധാരണ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. മലപ്പുറത്തുനിന്നു മാത്രം ഇത്തവണ അവസരം ലഭിച്ചവരുടെ എണ്ണം 5037 ആണ്. കോഴിക്കോട് ജില്ലയിൽനിന്ന് 2590 തീർഥാടകരുണ്ട്. ഇവർക്കു പുറമേ, വയനാട്, പാലക്കാട് ജില്ലകളിലുള്ള ഏതാനും തീർഥാടകരും കോഴിക്കോട് വഴിയാണ് യാത്ര ചെയ്യാറുള്ളത്. എന്നാൽ, ഇത്തവണ 5779 തീർഥാടകർ മാത്രമേ കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തിട്ടുള്ളൂ,. കഴിഞ്ഞ തവണ പതിനായിരത്തോളം പേർ കരിപ്പൂർ വഴി യാത്ര ചെയ്തിരുന്നു. അഞ്ചംഗ കുടുംബത്തിന് കരിപ്പൂർ വഴി ഹജ്ജിനു പോകാൻ 2 ലക്ഷം രൂപ അധികം നൽകണമെന്നാണു സ്ഥിതി. കേരളത്തിലെ നിരക്ക് ഏകീകരിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സംഘടനകളും ഇടപെടൽ തുടരണമെന്നാണ് തീർഥാടകരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
