
Perinthalmanna Radio
Date: 27-02-2026
പെരിന്തൽമണ്ണ: അഞ്ചു വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജനങ്ങൾക്ക് മുന്നിൽ ലൈവിൽ അവതരിപ്പിച്ച് നജീബ് കാന്തപുരം എംഎൽഎ. നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെങ്കിലും ലൈവ് ഷോ യുഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലേക്ക് യുഡിഎഫിൽ നിന്ന് മറ്റു പേരുകളൊന്നും ഉയർന്നു വന്നിട്ടില്ല.
മണ്ഡലത്തിൽ കൊണ്ടു വന്ന വൻകിട പദ്ധതികൾ, അനുവദിച്ച ഫണ്ടുകൾ, നേതൃത്വം നൽകിയ ജനകീയ സമരങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ വിശദീകരിച്ചാണ് ‘ലൈവ്’ പെരിന്തൽമണ്ണ പെരുമ പീപ്പിൾസ് പ്രോഗ്രസ് സ്റ്റോറി സംഘടിപ്പിച്ചത്.
മണ്ഡലത്തിൽ 176 ചെറുതും വലുതുമായ റോഡുകൾ നവീകരിച്ചതായി എംഎൽഎ അവകാശപ്പെട്ടു. ഇതിനായി 59 കോടി രൂപ വിനിയോഗിച്ചു. ഗ്രാമനിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 98 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
കാര്യവട്ടം, പെരിന്തൽമണ്ണ വില്ലേജ് ഓഫിസുകൾക്ക് കെട്ടിടം നിർമിക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി. മേലാറ്റൂർ എഇഒ ഓഫിസ് നിർമാണത്തിന് 60 ലക്ഷം രൂപയും ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നതിന് 1 കോടി രൂപയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികൾക്ക് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് മെഷിനുകൾ വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പിടിഎം ഗവ. കോളജിൽ വിവിധ പ്രവൃത്തികൾക്കായി 53 ലക്ഷം രൂപയും മേലാറ്റൂർ, ചെറുകര മിനി സ്റ്റേഡിയം നവീകരണത്തിന് 75 ലക്ഷം രൂപയും കൊടികുത്തിമല റോഡ് നിർമാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു. മണ്ഡലത്തിലെ 4 സ്‌കൂളുകൾക്ക് ബസ് അനുവദിച്ചതായും എംഎൽഎ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ക്രിയ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങൾ ക്രിയ സിവിൽ സർവീസ് അക്കാദമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്‌നങ്ങൾക്ക് നിറം പകരുന്നതിനായി സ്‌കെയിലപ്പ് കോൺക്ലേവുകൾ സംഘടിപ്പിച്ചതും ക്രിയോത്സവം, ക്രിയോണം, സദ്ഗ്രാമം പദ്ധതികളും നേട്ടമാണെന്ന് എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആയിശ മേക്കോട്ടിൽ, കളപ്പാടൻ ഹുസൈൻ, പി.എസ്.സുധ, ഷഹീന, എ.കെ.നാസർ, എ.കെ.മുസ്തഫ, സി.സുകുമാരൻ, എ.ആനന്ദൻ, എസ്.അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, സി.കെ.ഹാരിസ്, കൊളക്കാടൻ അസീസ്, പി.സുബൈർ, പി.ടി.സക്കീർ, ഫാത്തിമ അൻഷി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
