ചെറിയ പെരുന്നാള്‍ തിങ്കളോ ചൊവ്വയോ? കേരളത്തിലെ മാസപ്പിറവി സാധ്യത അറിയാം

Share to

Perinthalmanna Radio
Date: 27-03-2025

പെരിന്തൽമണ്ണ: ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളില്‍ ഒന്നാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വർ. ഹിജ്റ വർഷ കലണ്ടർ പ്രകാരം റമദാന്‍ മാസം പൂർത്തിയാക്കി ശവ്വാല്‍ മാസം ഒന്നിന് ലോകമെങ്ങുമുള്ള വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മാസപ്പിറവി ദൃശ്യമാകുന്നതിന് അനുസരിച്ച്‌ ഒരോ നാടുകളിലും ചെറിയ പെരുന്നാള്‍ ദിവസത്തിന്റെ കാര്യത്തില്‍ വ്യത്യാസം ഉണ്ടാകാറുണ്ട്.

റമദാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ തൊട്ട് അടുത്ത ദിവസമായിരിക്കും ചെറിയ പെരുന്നാള്‍. 29 ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാന്‍ 30 പൂർത്തിയാക്കി ശവ്വാല്‍ മാസം ഒന്നാം തിയിതയിലേക്ക് അതായത്, പെരുന്നാള്‍ ദിനത്തിലേക്ക് കടക്കും. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ ഇത്തവണ മാർച്ച്‌ ഒന്നിന് തന്നെ റമദാന്‍ മാസവും ആരംഭിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ മാർച്ച്‌ രണ്ടിനാണ് റമദാന്‍ മാസം ആരംഭിച്ചത്.

സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ രാജ്യത്ത് ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി കാണാനും ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആവാനും സാധ്യതയെന്ന് സൗദി അറേബ്യയിലെ ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്നാണ് നിരീക്ഷണ കേന്ദ്രം പറയുന്നത്.

പ്രവചനം ശരിയാകുകയാണെങ്കില്‍ സൗദി അറേബ്യയില്‍ ശനിയാഴ്ചയായിരിക്കും പെരുന്നാള്‍, അല്ലെങ്കില്‍ ഞായറാഴ്ച വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കും. കേരളത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഈ രണ്ട് ദിവസവും ആയിരിക്കില്ല പെരുന്നാള്‍. ശനിയാഴ്ച കേരളത്തില്‍ നോമ്ബ് 28 ഉം, ഞായറാഴ്ച 29 ഉം മാത്രമാണ് പൂർത്തീകരിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച്‌ 31നോ ഏപ്രില്‍ ഒന്നിനോ ആയിരിക്കും ചെറിയ പെരുന്നാള്‍.

പെരുന്നാള്‍ ദിനം ഉറപ്പിച്ച്‌ കഴിഞ്ഞാല്‍ ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കടമയായ ഫിതര്‍ സക്കാത്ത് വിതരണത്തിലേക്ക് കടക്കും. ഈ സമയം മുതല്‍ പെരുന്നാള്‍ ദിനം അവസാനിക്കുന്നതുവരെയാണ് നല്‍കാനുള്ള സമയം. ഏകദേശം രണ്ടര കിലോയിലധികം തൂക്കം വരുന്ന ധാന്യമാണ് ഫിതർ സക്കാത്തായി നല്‍കേണ്ടത്. അതതു പ്രദേശത്തെ മുഖ്യഭക്ഷണം, അതായത് കേരളത്തിലാണെങ്കില്‍ അരിയാണ് നല്‍കേണ്ടത്. ഫിതര്‍ സക്കാത്ത് വിതരണം പൂർത്തിയാക്കി വിശ്വാസികള്‍ പുതുവസ്ത്രം അണിഞ്ഞ് വീടുകളിലും പള്ളികളിലും ഇദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്കാരം നിർവ്വഹിക്കുന്നു. ഇതോടെ ആചാരപരമായ ചടങ്ങുകള്‍ കഴിയുമെങ്കിലും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട് സന്ദർശിച്ചും രുചികരമായ ഭക്ഷണം കഴിച്ചും ആളുകള്‍ പെരുന്നാള്‍ ദിനം കൊണ്ടാടുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *