
Perinthalmanna Radio
Date: 27-05-2024
മങ്കട: ആവശ്യത്തിനു വെള്ളമില്ലാതെ മങ്കട ആശുപത്രിയിൽ രോഗികളും ജീവനക്കാരും ദുരിതത്തിൽ. ആശുപത്രിയിൽ വാട്ടർ അതോറിറ്റി വെള്ളം ലഭിച്ചിട്ട് മാസങ്ങളായി. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന കുഴൽക്കിണറിലെ വെള്ളം ശക്തമായ വരൾച്ചയിൽ വറ്റി. പിന്നീട് കർക്കിടകം ജല അതോറിറ്റി വെള്ളവും വല്ലപ്പോഴും ലഭിച്ചിരുന്ന ജൽജീവൻ പദ്ധതിപ്രകാരമുള്ള കുടിവെള്ളപദ്ധതിയിലെ വെള്ളവുമായിരുന്നു. എന്നാൽ കർക്കിടകം പദ്ധതിയിലെ വെള്ളം ഈ പ്രദേശത്തേക്കെത്തിയിട്ട് മൂന്നുമാസമായി. വല്ലപ്പോഴും ലഭിച്ചിരുന്ന ജൽജീവൻ വെള്ളമാകട്ടെ, കോഴിക്കോട്പറമ്പിൽ ഓവുപാലം പണി നടക്കുന്നതിനാൽ മങ്കട ഭാഗത്തേക്കുള്ള പ്രധാന ലൈൻ വേർപെടുത്തിയിരിക്കുന്നതിനാൽ ലഭിക്കുന്നില്ല.
ആശുപത്രി പരിസരത്തുള്ള മുഴുവൻ ഗുണഭോക്താക്കളും ജല അതോറിറ്റി അധികൃതരോട് നിരന്തരമായി ലൈൻ നന്നാക്കാൻ ആവശ്യപ്പെട്ടെങ്കിലും ജോലിക്കാർ ഇല്ലെന്നും എടുത്ത പ്രവൃത്തികൾക്കുതന്നെ കൂലി നൽകാൻ കഴിയുന്നില്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണു ലഭിക്കുന്നത്.
ഗ്രാമപ്പഞ്ചായത്താണെങ്കിൽ വീടുകളിലേക്കുതന്നെ വെള്ളമെത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കർക്കിടകം ലൈൻ അറ്റകുറ്റപ്പണിചെയ്തു വെള്ളം അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മങ്കട ബ്ലോക്ക്പഞ്ചായത്ത് ഭരണസമിതി ജല അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.എ. കരീം അധ്യക്ഷതവഹിച്ചു. ആശുപത്രിയിലേക്കുള്ള കുടിവെള്ളപദ്ധതിക്ക് നിർദിഷ്ട സ്ഥലത്ത് കിണർ കുഴിച്ച് വെള്ളം കിട്ടിയാൽ മാത്രമേ പുതിയ പദ്ധതിയുടെ ബാക്കി പ്രവൃത്തി നടത്താനാകൂവെന്നും അതുവരെ ജല അതോറിറ്റി കനിയാതെ രക്ഷയില്ലെന്നും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ടി.എ. കരീം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
