അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; സ്വകാര്യ ബസ് സമരം ഇന്നും തുടരും

Share to


Perinthalmanna Radio
Date: 27-06-2025

പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരംകാണുക, അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണ നഗരത്തിലെയും റോഡുകൾ സഞ്ചാരയോഗ്യമായ രൂപത്തിൽ അറ്റകുറ്റപ്പണി നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) നടത്തുന്ന സ്വകാര്യ ബസ്‌സമരം വെള്ളിയാഴ്ചയും തുടരും. ബസ് സംഘടനാ പ്രതിനിധികളുമായി വ്യാഴാഴ്ച വൈകീട്ട് കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരം തുടരുന്നത്. വെള്ളിയാഴ്ച രാവിലെ 11-ന് കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ചനടക്കും.

അങ്ങാടിപ്പുറം വഴി കടന്നുപോവുന്ന മുഴുവൻ സ്വകാര്യ ബസുകളും സമരത്തിന്റെ ഭാഗമായി ഓടാതിരുന്നതോടെ സ്കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.

പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെടുന്ന മലപ്പുറം, മഞ്ചേരി, കോട്ടയ്ക്കൽ, വളാഞ്ചേരി, വലമ്പൂർ തുടങ്ങിയ ഭാഗത്തേക്കുള്ള ബസുകളും കോഴിക്കോട്-പാലക്കാട് ദീർഘദൂര ബസുകളും സമരത്തിൽ പങ്കെടുത്തു. ഇതോടെ കോഴിക്കോട്-പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസുകളിൽ വലിയ തിരക്കാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ വീതികുറവിനൊപ്പം മേൽപ്പാലത്തിനോട് ചേർന്ന് റോഡ് തകർന്ന് കുണ്ടുംകുഴിയുമായിരിക്കുകയാണ്. ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണിവിടെ.

ഗതാഗത കുരുക്ക് കാരണം മുഴുവൻ ട്രിപ്പുകളും കൃത്യമായി ഓടാൻ കഴിയാത്ത സാഹചര്യത്തിലാണ് സമരം തുടങ്ങിയത്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റിക്കും മറ്റ് അധികാരിക്കൾക്കും യൂണിയൻ പരാതിയും നൽകിയിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *