
Perinthalmanna Radio
Date: 27-06-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് നിലനിൽക്കുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായി ഇന്ന് നിർണ്ണായക യോഗം ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. രാവിലെ 11 മണിക്ക് മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം കട്ട വിരിച്ചു ഗതാഗതം സുതാര്യമാക്കൽ ചർച്ചയാകും. ഗതാഗത ക്രമീകരണങ്ങൾ ഒരുക്കുന്നതിനും പ്രവർത്തികൾ ആരംഭിക്കുന്നതിനും വേണ്ടിയുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. ജില്ലാ പോലീസ് മേധാവി, ആർ.ടി.ഒ., പഞ്ചായത്ത് പ്രസിഡന്റ്, പിഡബ്ല്യുടി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
അങ്ങാടിപ്പുറത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഓരാടംപാലം- വൈലോങ്ങര ബൈപാസുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിന്റെ പുരോഗതിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. കിഫ്ബി പദ്ധതിയിലൂടെയുളള ഈ ബൈപാസിനായി സ്ഥലമേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർ (ലാൻഡ് അക്വസിഷൻ), റോഡ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പങ്കെടുക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ