
Perinthalmanna Radio
Date: 27-06-2025
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണണമെന്നും മേൽപാലത്തിനു സമീപത്തെ കുഴികൾ അടച്ചു റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് അങ്ങാടിപ്പുറത്ത് കൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇന്നലെ മുതല്‍ ആരംഭിച്ച പണിമുടക്ക് പിൻവലിച്ചു. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അധികൃതർ തീരുമാനം എടുത്തതിനെ തുടർന്നാണ് ജില്ലാ ബസ് തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം പിൻവലിച്ചത്.
ഞായറാഴ്ച മുതൽ അങ്ങാടിപ്പുറം ഭാഗത്ത് കട്ട പതിക്കുന്ന പണിക്ക് തുടക്കമാകുന്നതും, അതിനായി റോഡ് പൂർണമായും അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള നിർണ്ണായക തീരുമാനം കലക്ടറേറ്റിൽ ചേർന്ന ഉന്നത സമിതി യോഗത്തിൽ സ്വീകരിച്ചിരുന്നു. ഗതാഗതം തിരിച്ചു വിടാനുള്ള ക്രമീകരണങ്ങളും യോഗത്തിൽ തീരുമാനിച്ചു.
സമിതി യോഗത്തിലെ ഉറപ്പ് കണക്കിലെടുത്താണ് യൂണിയൻ സമരം പിൻവലിച്ചതെന്ന് നേതാക്കൾ അറിയിച്ചു. ഞായറാഴ്ച കട്ട വിരിക്കൽ ആരംഭിച്ചില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ വീണ്ടും സമരം ആരംഭിക്കുമെന്നും ബസ് തൊഴിലാളികൾ അറിയിച്ചു. സമരം മൂലം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ