അങ്ങാടിപ്പുറം കിഴക്കെമുക്കിൽ ലൈഫ് ഭവന പദ്ധതിയിലെ വീടുകൾ തകർച്ചാ ഭീഷണിയിൽ

Share to


Perinthalmanna Radio
Date: 27-07-2025

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം 17–ാം വാർഡ് കിഴക്കെമുക്ക് കരുവട്ടിയിൽ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടുകളിൽ മരണഭയത്തോടേ കുറേ കുടുംബങ്ങൾ. മഴ പെയ്‌താൽ മനസ്സിൽ തീയുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുകയാണ് ഇവർ. മലഞ്ചെരുവിലാണ് വീടുകളുള്ളത്.

കുന്നപ്പള്ളി വഴി പെരിന്തൽമണ്ണയിലേക്കുള്ള എളുപ്പ വഴിയാണ് വീടുകൾക്ക് മുകൾ ഭാഗത്തുള്ള ഈ റോഡ്. മഴ പെയ്യുമ്പോൾ മലവെള്ളപ്പാച്ചിലിൽ വീടൊന്നാകെ തകർന്നടിയുമോ എന്ന പേടിയുണ്ട്. ഒരു വീടിന്റെ മുൻവശവും പിൻവശവും ഇടിയാൻ പാകത്തിൽ നിൽക്കുകയാണ്. വഴി നടക്കാനും ഏറെ പ്രയാസപ്പെടുന്നു. വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ സംഭവവും ഉണ്ടായി. പല തവണ മുകളിൽ നിന്ന് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.

മലവെള്ളപ്പാച്ചിലിൽ മുറ്റം വരെ ഒലിച്ചു പോയ സംഭവങ്ങളുമുണ്ടായി. നിർമിച്ചു നൽകിയ വീടുകളിൽ പലതും ചോർന്നൊലിക്കുന്നു. എല്ലാ വർഷവും മഴക്കാലത്ത് ഈ കുടുംബങ്ങളെ താൽക്കാലികമായി മാറ്റി പാർപ്പിക്കാൻ അധികൃതരെത്തും. ഇവിടം താമസയോഗ്യമല്ലെന്നും വിധിയെഴുതി. കലക്‌ടർ ഉൾപ്പെടെ മുൻകാലങ്ങളിൽ വിഷയത്തിൽ ഇ‌ടപെ‌ട്ടിട്ടുണ്ടെങ്കിലും ഇവരെ പുനരധിവസിപ്പിക്കാനോ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനോ നടപടിയുണ്ടായില്ല.

ഇവിടെയുള്ള പലരും ഭീതി മൂലം വീടൊഴിഞ്ഞ് വാടക വീടുകളിൽ തന്നെ തുടരുകയാണ്. നിവൃത്തികേടു കൊണ്ടു മാത്രം കഴിയുന്ന ചില കുടുംബങ്ങളാണ് നിലവിലുള്ളത്. 40 വർഷം വരെ വാടക വീടുകളിൽ താമസിച്ച് സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായി ലൈഫ് ഭവന പദ്ധതി വഴി വീട് ലഭിച്ചെത്തിയവർ ഇവിടെയുണ്ട്.

ഇവരിപ്പോൾ പഴയ പടി മറ്റൊരു വാടക വീട് പിടിച്ച് അതിലാണ്. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച തുക തികയാതെ കയ്യിലുണ്ടായിരുന്നതെല്ലാം വിറ്റും വായ്‌പ വാങ്ങിയും പണം മുടക്കിയവരുമുണ്ട്. വീട് വച്ച സമയത്ത് ഈ കുടുംബങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പഞ്ചായത്തംഗം അനിൽ പുലിപ്ര പറഞ്ഞു.

റോഡിന്റെ അരിക് കെട്ടുന്നതിന് 20 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പണി മഴ ശമിച്ചാലുടനെ ആരംഭിക്കും. പഞ്ചായത്തിന് ഇക്കാര്യത്തിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *