അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാല്‍ രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു

Share to

Perinthalmanna Radio
Date: 27-08-2024

കൊച്ചി: നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. 

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് വിശദീകരണം. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങളെന്നും വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവർക്കും നന്ദിയെന്നും വിശദീകരണത്തിലുണ്ട്.

യുവനടിയുടെ ലൈംഗികാരോപണത്തിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ അംഗങ്ങളായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉയരുകയുണ്ടായി. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സ്വീകരിച്ച നിലപാടിൽ വലിയ വിമർശനം സംഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *