
Perinthalmanna Radio
Date: 27-11-2023
മലപ്പുറം: കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിന് ഇന്ന് (നവംബർ 27ന്) മലപ്പുറം ജില്ലയിൽ തുടക്കമാകും. മൂന്ന് പ്രഭാത സദസ്സുകൾ ഉൾപ്പെടെ ആകെ 19 പരിപാടികളാണ് ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. രാവിലെ ഒമ്പതിന് തിരൂർ ബിയാൻകോ കാസിലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാത സദസ്സ് നടക്കും. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം അതിഥികൾ പ്രഭാതസദസ്സിൽ പങ്കെടുക്കും. ജില്ലയുടെ സമഗ്രമായ വിഷയങ്ങൾ ചർച്ച ചെയ്യും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. ഇവിടെ പൊതുജനങ്ങൾക്ക് പരാതി നൽകാനും മറ്റുമുള്ള പ്രവേശനം അനുവദിക്കില്ല. വിവിധ മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിന്റെ ഭാഗമായ പ്രഭാതസദസ്സിൽ പ്രത്യേക ക്ഷണിതാക്കളിൽ നിന്നും സ്വരൂപിക്കുകയും ഇവയെല്ലാം ക്രോഡീകരിച്ച് മലപ്പുറം ജില്ലയുടെ പുതിയ വികസന നയം രൂപീകരിക്കുകയും ചെയ്യും.
പൊന്നാനി നിയോജക മണ്ഡലം നവകേരള സദസ്സ് ഇന്ന് രാവിലെ 11ന് പൊന്നാനി ഹാർബർ ഗ്രൗണ്ടിൽ നടക്കും. തവനൂർ നിയോജക മണ്ഡലം നവകേരള സദസ്സ് വൈകീട്ട് മൂന്നിന് എടപ്പാൾ സഫാരി പാർക്കിൽ നടക്കും. തിരൂർ നിയോജക മണ്ഡലം നവകേരള സദസ്സ് തിരൂർ ജി.ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വൈകീട്ട് നാലിന് നടക്കും. താനൂർ നിയോജക മണ്ഡലം നവകേരള സദസ്സ് ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കും.
നവംബർ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്ക്വയറിലും കോട്ടക്കൽ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയൂർവേദ കോളേജ് ഗ്രൗണ്ടിലും നടക്കും.
നവംബർ 29ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്ബൈൻ ഹോട്ടലിൽ കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം മണ്ഡലങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടർന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എൽ.പി സ്കൂൾ ഗ്രൗണ്ടിലും നടക്കും.
നവംബർ 30ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ശിഫാ കൺവെൻഷൻ സെന്ററിൽ മങ്കട, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, ഏറാട് എന്നീ മണ്ഡലങ്ങളിൽ നിന്ന് വിവിധ മേഖലകളിൽ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടർന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂർ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂർ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്കൂൾ ഗ്രൗണ്ടിലും, പെരിന്തൽമണ്ണ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളിൽ എം.എൽ.എമാർ ഉൾപ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
