ക്യൂആര്‍ കോഡുമായി പാന്‍ 2.0 വരുന്നു

Share to

Perinthalmanna Radio
Date: 27-11-2024

പാൻകാർഡിനെ വിവിധ സർക്കാർ ഏജൻസി പ്ലാറ്റ്ഫോമുകളിൽ പൊതു തിരിച്ചറിയൽരേഖയാക്കി ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താൻ പാൻ 2.0 പദ്ധതി വരുന്നു. നികുതിദായകരുടെ രജിസ്ട്രേഷൻ ഉൾപ്പെടെ സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കുന്ന ആദായനികുതിവകുപ്പിന്റെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി.

1,435 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാനിനായി ഒരു ഏകീകൃത പോർട്ടൽ വരും. പരാതിപരിഹാര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന പോർട്ടലിലെ പ്രവർത്തനങ്ങൾ കടലാസ് രഹിതമായിരിക്കും.

ആദായനികുതിവകുപ്പ് നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ രേഖപ്പെടുത്താൻ നൽകുന്ന പത്തക്കമുള്ള ആൽഫ ന്യൂമറിക് തിരിച്ചറിയൽനമ്പറാണ് പാൻ. അപേക്ഷ നൽകുന്നതിനനുസരിച്ച് ആർക്കുവേണമെങ്കിലും ലാമിനേറ്റ് ചെയ്ത കാർഡായി ഇതു ലഭിക്കും. നിലവിലുള്ള പാൻ തുടർന്നും ഉപയോഗിക്കാം. നിലവിൽ പാൻ ഉള്ളവർക്ക് ക്യു.ആർ. കോഡ് ഉൾപ്പെടുത്തി പുതിയ പാൻകാർഡ് സൗജന്യമായി ലഭ്യമാക്കും. പദ്ധതി നടപ്പാകുന്നതോടെ സേവനങ്ങളുടെ കാര്യക്ഷമതയും വേഗവും വർധിക്കും. രജിസ്ട്രേഷനുൾപ്പെടെ നടപടികൾ ഡിജിറ്റലാക്കുന്നതോടെ കൂടുതൽ ലളിതമാകും.

വിവിധ സംവിധാനങ്ങളിൽ ഏകീകൃത സ്രോതസ്സിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കും. വിവരങ്ങളുടെ സ്ഥിരതയ്ക്കൊപ്പം നടപടിക്രമങ്ങൾ പരിസ്ഥിതിസൗഹൃദമാക്കാനും ചെലവുചുരുക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നുണ്ട്. നിലവിലുള്ള പാൻ/ടാൻ 1.0 പദ്ധതിയുടെ തുടർച്ചയാണ് പാൻ 2.0 എത്തുന്നത്. പാൻ വിവരങ്ങളുടെ ഡിജിറ്റൽസുരക്ഷ ശക്തമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

1. നിലവിലുള്ള പാൻ കാർഡ് ഉടമകൾ പുതിയതിനായി വീണ്ടും അപേക്ഷിക്കേണ്ടതുണ്ടോ?

   നിലവിൽ പാൻ കാർഡ് ലഭിച്ചവർ പുതിയ പാൻ 2.0വിന് അപേക്ഷിക്കേണ്ടതില്ല. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ മാത്രം പുതിയതിനായി അപേക്ഷിച്ചാൽ മതി.

2. ഒന്നിൽ കൂടുതൽ പാൻ കൈവശമുള്ളവർ

  1961ലെ ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വെയ്ക്കാൻ അനുവാദമില്ല. ഒന്നിൽ കൂടുതൽ ഉള്ളവർ അസസിങ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തുകയും അത് ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കുകയും വേണം.

3. പാൻ 2.0 പദ്ധതി പ്രകാരം പേര്, അക്ഷരത്തെറ്റുകൾ, വിലാസം തുടങ്ങിയവ തിരുത്താൻ കഴിയുമോ?

   പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം ഉൾപ്പടെയുള്ളവ സൗജന്യമായി തിരുത്താം. പാൻ 2.0 പദ്ധതി നിലവിൽവന്ന ശേഷമാണ് അതിന് കഴിയുക. നിലവിൽ എൻഎസ്ഡിഎൽ, ടിടിഐഐഎസ്എസ് വെബ്സൈറ്റുകൾ വഴി വിവരങ്ങൾ സൗജന്യമായി പുതുക്കാൻ അവസരമുണ്ട്.

4. വിലാസം പഴയതാണ്. പുതിയ പാൻ കാർഡ് വിതരണം ചെയ്താൽ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?

  നിലവിലെ പാൻ കാർഡിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ പുതിയ കാർഡ് വിതരണം ചെയ്യില്ല. അതായത് പുതുക്കിയത് ലഭിക്കാൻ പാൻ ഉടമ ആവശ്യപ്പെടണം. നിലവിൽ വിവരങ്ങൾ പുതുക്കേണ്ടവർക്ക് എൻഎസ്ഡിഎൽ, യുടിഐഎസ്എൽ എന്നീ വെബ്സൈറ്റുകൾ വഴി ആധാർ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ സൗകര്യം ഉപയോഗിച്ച് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.

5. നിലവിലുള്ള കാർഡിലെ ക്യൂആർ കോഡ് പുതിയതിലേതിന് സമാനമാണോ?

   2017-18 മുതൽ പാൻ കാർഡുകളിൽ ക്യൂആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയതിലും അത് തുടരും. ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നവിധത്തിലായിരിക്കും പാൻ 2.0ലെ ഡൈനാമിക് ക്യൂആർ കോഡ്. ക്യൂആർ കോഡ് ഇല്ലാത്ത പഴയ പാൻ കാർഡ് ഉടമകൾക്ക് പുതിയ കാർഡിന് അപേക്ഷിക്കാം. പാൻ വിവരങ്ങൾ സ്ഥിരീകരിക്കാൻ ക്യൂആർ കോഡ് വഴി കഴിയും.

6. എന്താണ് പാൻ 2.0?

  അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പാൻ സേവനങ്ങളുടെ നിലവാരം ഉയർത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാൻ അനുവദിക്കൽ, തിരുത്തലുകൾ തുടങ്ങി എല്ലാ നടപടിക്രമങ്ങളും ഈ പദ്ധതിക്ക് കീഴിൽ ഐടി വകുപ്പ് ഏകീകരിച്ചിരിക്കുന്നു. ടാനുമായി ബന്ധപ്പെട്ട സേവനങ്ങളും ഈ പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, സർക്കാർ ഏജൻസികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ തുടങ്ങിയവയ്ക്ക് പാൻ വാലിഡേറ്റ് ചെയ്യാനാകും.

7. നിലവിലുള്ളതിൽ നിന്ന് പാൻ 2.0 എപ്രകാരം വ്യത്യസ്തമായിരിക്കും?

  നിലവിൽ മൂന്ന് വ്യത്യസ്ത പോർട്ടലുകൾ(ഇ-ഫയലിങ് പോർട്ടൽ, യുടിഐഐഎസ്എൽ, പ്രോട്ടീൻ ഇ-ഗവ. പോർട്ടൽ) വഴി ചെയ്യുന്ന പാനുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഏകൃകൃത സംവിധാനത്തിന് കീഴിലാകും. പാൻ അനുവദിക്കൽ, പുതുക്കൽ, ടാൻ അനുവദിക്കൽ, പുതുക്കൽ, ഓൺലൈൻ വെരിഫിക്കേഷൻ, ആധാർ-പാൻ ബന്ധിപ്പിക്കൽ, ഇ-പാൻ അപേക്ഷ, പാൻ കാർഡ് ലഭിക്കുന്നതിനുള്ള അപേക്ഷ എന്നിവയെല്ലാം ഏകീകൃത സംവിധാനംവഴി നൽകാൻ കഴിയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *