പിറന്നാൾ മധുരം നുകർന്ന് സുരയ്യ ഫാറൂഖ് അധ്യക്ഷ കസേരയിൽ

Share to


Perinthalmanna Radio
Date: 27-12-2025

പെരിന്തൽമണ്ണ: ആദ്യമായി പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷ കസേരയിൽ യു.ഡി.എഫ് എത്തി. ആ ഭാഗ്യം കൈവന്നത് ഒരു വനിതയ്ക്കാണ്. ഒരിക്കൽ നഷ്ടപ്പെട്ടപ്പോൾ ലഭിക്കാതെ പോയ അധ്യക്ഷ പദവി കൃത്യമായ ഭൂരിപക്ഷത്തിലൂടെ തിരിച്ച് പിടിച്ചിരിക്കുകയാണ് വനിതാ ലീഗ് നേതാവ് സുരയ്യ ഫാറൂഖ്. വ്യാഴാഴ്ചയായിരുന്നു പച്ചിരി സുരയ്യ ഫാറൂഖിന്റെ പിറന്നാൾ. വ്യാഴാഴ്ച രാത്രി കുടുംബത്തോടൊപ്പം 52-ാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച സുരയ്യയെ കാത്തിരുന്നത് വെള്ളിയാഴ്ച നഗരസഭാ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത് ഇരട്ടി മധുരത്തോടെ.

യു.ഡി.എഫിനും സുരയ്യ ഫാറൂഖിനും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ഇത്തവണത്തെ നഗരസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം. 2010-ൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ സീറ്റുകൾ പങ്കിട്ടപ്പോഴും അധ്യക്ഷ പദവിക്കായുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യം സുരയ്യയെ കൈവിട്ടെങ്കിലും ഇത്തവണ അത് ഉജ്ജ്വലമായ വിജയത്തിലൂടെ തിരിച്ചു പിടിച്ചിരിക്കുന്നു. അധ്യക്ഷപദവി ഇത്തവണ കൃത്യമായ ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയ ഇവർ മൂന്നാം തവണയാണ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.

പെരിന്തൽമണ്ണ നഗരസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവായ എം.ബി. ഫസൽ മുഹമ്മദ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ആദ്യമായാണ്.  ദീർഘകാലം കെ.പി.സി.സി മെമ്പറായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു എങ്കിലും മത്സര രംഗത്തേക്ക് വന്നിരുന്നില്ല. കന്നിയങ്കത്തിൽ വിജയിക്കുകയും ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് ഭരണം നേടുകയും ചെയ്തതോടെ കോൺഗ്രസിൽ നിന്നുള്ള അദ്ദേഹം ഉപാധ്യക്ഷനായി. 25 വർഷത്തോളമായി പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു.
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *