
Perinthalmanna Radio
Date: 28-01-2025
പെരിന്തൽമണ്ണ : സെയ്‌താലിക്കയുടെ തട്ടുകടയിലെ ഭക്ഷണത്തിന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വേറിട്ട രുചിയാണ്. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിക്കു മുൻവശത്ത് ദേശീയ പാതയോടു ചേർന്നുള്ള ഈ കട നാട്ടുകാർക്കും ചികിത്സ തേടിയെത്തുന്നവർക്കും കാലങ്ങളായി സുപരിചിതം. ഡയാലിസിസ് രോഗികൾക്ക് ഇവിടെ ഏതു സമയത്തും എത്തി ഭക്ഷണം കഴിക്കാം, പണമൊന്നും നൽകേണ്ടതില്ല. കടയുടെ മുൻവശത്ത് തന്നെ ഡയാലിസിസ് രോഗികൾക്ക് ഇവിടെ ഭക്ഷണം ഫ്രീ എന്ന വലിയൊരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ദിവസേന പത്തും ഇരുപതും പേർ കുറഞ്ഞത് ഈ വിധത്തിൽ എത്താറുണ്ടെന്നു സെയ്‌താലിക്ക പറയുന്നു. അമ്മിനിക്കാട് ആലിക്കപറമ്പിൽ സെയ്‌തലവിക്ക് പ്രായം 48 മാത്രമാണെങ്കിലും നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് സെയ്‌താലിക്കയെന്നത്. പേരക്കുട്ടിയായ റിയാന്റെ പേരിലാണ് കട.
രാവിലെ 6 മണിയോടെ തുറക്കുന്ന കട വൈകിട്ട് ഏഴോടെ അടയ്ക്കും. അതിനിടെ ഭക്ഷണത്തിനെത്തുന്ന ഡയാലിസിസ് രോഗികളാരും പണമില്ലാത്തതിന്റെ പേരിൽ വിശന്നിരിക്കേണ്ടി വരില്ല. ഒരു കുടുംബത്തിൽ ഒരാൾക്ക് രോഗം ബാധിച്ച് ഡയാലിസിസ് വേണ്ടി വരുന്നതോടെ ആ കുടുംബത്തിന്റെ സാമ്പത്തിക നിലയാകെ താളം തെറ്റുമെന്നതിനാൽ അവരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നാണു സെയ്തലവി പറയുന്നത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ നിന്നു ചികിത്സ കഴിഞ്ഞു മടങ്ങുന്ന പലരും ഇവിടെ എത്തി ഭക്ഷണം കഴിച്ചാണു മടങ്ങുക. പണം കയ്യിലുണ്ടെങ്കിൽ നൽകിയാൽ മതി. കടയിൽ സഹായത്തിനു ഭാര്യ സുഹറയും മകൻ സാലിമും മാത്രം. തിരക്കുള്ള സമയങ്ങളിൽ സമീപത്തെ ഓട്ടോ പാർക്കിലെ തൊഴിലാളികളും സഹായത്തിനെത്തും. സെയ്‌തലവിയുടെ 4 മക്കളിൽ മറ്റൊരു മകൻ സൗദിയിലാണ് ജോലി ചെയ്യുന്നത്. 2 പെൺമക്കളെ വിവാഹം ചെയ്തയച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
