ജീവനക്കാരനെ പിരിച്ചുവിട്ടത് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമെന്ന് അങ്ങാടിപ്പുറം പ‍ഞ്ചായത്ത്

Share to

Perinthalmanna Radio
Date: 28-01-2025

പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറം പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന എം.ഫൈസലിനെ പിരിച്ചുവിട്ടത് അന്വേഷണം നടത്തി നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതിനുശേഷമെന്ന് പഞ്ചായത്ത് ഭരണസമിതി. തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുന്നില്ല.

പഞ്ചായത്ത് ഡേ കെയർ താൽക്കാലിക ഡ്രൈവറായിരുന്ന എം.ഫൈസലിനെ പിരിച്ചുവിട്ട ശേഷം കോൺഗ്രസ് പ്രവർത്തകർ ഇതിനെതിരെ സമരം ആരംഭിച്ചിരുന്നു. ഓഫിസിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തുടങ്ങിയ ഫൈസൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിനു സമീപത്തെ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണസമിതിയുടെ വിശദീകരണം.

പഞ്ചായത്ത് കേരളോത്സവത്തിൽ അപ്രതീക്ഷിതമായി സംഘർഷവും സംഘട്ടനവും ഉണ്ടായപ്പോൾ ഫൈസൽ ഒരു പക്ഷത്ത് ചേർന്ന് സംഘർഷം വർധിപ്പിക്കുന്ന വിധം ഇടപെടലുകൾ നടത്തിയതായാണ് പരാതി ഉണ്ടായതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. പഞ്ചായത്ത് നിയോഗിച്ച അഞ്ചംഗ സബ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ഭരണസമിതി നടപടി സ്വീകരിച്ചത്. ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് യോഗത്തിൽ നടപടിക്കായി തീരുമാനം എടുത്തത്. കേരളോത്സവ നടത്തിപ്പിൽ ഫൈസലിന് ചുമതല ഉണ്ടായിരുന്നില്ല. മാത്രമല്ല ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തതായും അന്വേഷണത്തിൽ വ്യക്തമായി. ഫൈസലിനെ കുറിച്ച് മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത് നിരന്തരം ആവർത്തിക്കുകയും രേഖാമൂലം പരാതിയുണ്ടാവുകയും അന്വേഷണത്തിൽ പരാതി ഗൗരവമുള്ളതാണെന്നു ബോധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെടുത്തത്. നടപടിക്ക് ശേഷവും അത് പിൻവലിപ്പിക്കാനുള്ള സമാധാനപരമായ ശ്രമങ്ങൾക്ക് പകരം രേഖാമൂലമുള്ള അറിയിപ്പ് സെക്രട്ടറിയിൽ നിന്ന് ലഭിക്കുന്നതിന് മുൻപ് തന്നെ പഞ്ചായത്ത് ഓഫിസിൽ കയ്യേറ്റത്തിനും അസഭ്യ വർഷത്തിനും ഭരണസമിതി ഭാരവാഹികളെ അവഹേളിക്കുന്നതിനും ഓഫിസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനുമാണ് അദ്ദേഹം മുന്നിട്ടിറങ്ങിയത്.

വളരെ മാതൃകാപരവും സ്തുത്യർഹവും മികച്ച രീതിയിലും വികസന- ക്ഷേമ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പഞ്ചായത്തിന്റെ സൽപേര് കളങ്കപ്പെടുത്താൻ പഞ്ചായത്തിന് പുറത്തുള്ള ചില ശക്തികളുടെ ഇടപെടലാണ് എല്ലാ അനിഷ്ട സംഭവങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമെന്ന് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷരായ വാക്കാട്ടിൽ സുനിൽ ബാബു, ഫൗസിയ തവളേങ്ങൽ, പഞ്ചായത്തംഗം പി.പി.ശിഹാബ് എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *