
Perinthalmanna Radio
Date: 28-01-2026
പെരിന്തൽമണ്ണ: നഗരത്തിലെ തീരാശാപമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബൃഹത്തായ പദ്ധതികളുമായി പെരിന്തൽമണ്ണ നഗരസഭ. ഹൈടെക് മാർക്കറ്റ് കോംപ്ലക്സിന് സമീപത്തുകൂടി പുതിയ റിംഗ് റോഡുകൾ യാഥാർഥ്യമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റിന് സമീപമുള്ള റോഡ് ഏഴ് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും. നിലവിൽ തകർന്നു കിടക്കുന്ന ടൗൺഹാൾ – മാർക്കറ്റ് റോഡ് നവീകരിക്കുന്നതിനൊപ്പം ഊട്ടി റോഡുമായി ഇതിനെ ബന്ധിപ്പിക്കും. കൂടാതെ, പോലീസ് സ്റ്റേഷന് മുൻവശത്തുള്ള റോഡിലേക്കും തുടർന്ന് ഷോപ്പിംഗ് കോംപ്ലക്സ് സൈഡിലൂടെ ട്രാഫിക് ജംഗ്ഷനിലേക്കും ഈ റോഡിനെ നീട്ടും. ഇതോടെ മൂന്ന് പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് സംവിധാനമാണ് നിലവിൽ വരിക.
കഴിഞ്ഞ ദിവസം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാലകത്ത് ബഷീർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹുസൈന നാസർ, കൗൺസിലർമാരായ അരുൺ ഇ.പി, മുസ്തഫ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് സന്ദർശനം നടത്തി. താൽക്കാലികമായ പാച്ച് വർക്കുകൾക്ക് പകരം ദീർഘകാലം നിലനിൽക്കുന്ന രീതിയിലുള്ള കോൺക്രീറ്റ് റോഡുകളാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പഠന റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ഉടൻ തന്നെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
കാൽനട യാത്രക്കാർക്കായി ഹൗസിംഗ് കോളനി റോഡിൽ നിന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് എളുപ്പത്തിൽ എത്താനുള്ള സൗകര്യവും ഇതിനൊപ്പം ഒരുക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത ക്ലേശത്തിന് വലിയൊരളവിൽ പരിഹാരമുണ്ടാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
