ആർ.സി, ലൈസൻസ് അച്ചടി പുനരാരംഭിക്കും: 8.66 കോടി രൂപ അനുവദിച്ചു

Share to



Perinthalmanna Radio
Date: 28-02-2024

ആർ.സി, ഡ്രൈവിങ് ലൈസൻസ് അച്ചടി ഉടൻ പുനരാരംഭിക്കും. നവംബർവരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് അനുവദിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രേഖകളുടെ വിതരണം മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ വഴിയായിരിക്കും. തപാൽകൂലിയിൽ ആറുകോടി രൂപ കുടിശ്ശികയുള്ള സാഹചര്യത്തിലാണ് ഈ ക്രമീകരണമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വാഹന ഉടമകൾ മൂന്നുമാസമായി അനുഭവിക്കുന്ന പ്രശ്നത്തിനാണ് താത്കാലിക പരിഹാരമായത്. നവംബർ മുതലാണ് അച്ചടി നിർത്തിവച്ചത്. ഫെബ്രുവരി വരെ ഇരുവിഭാഗങ്ങളിലുമായി പത്തുലക്ഷത്തോളം കാർഡുകൾ അച്ചടിക്കേണ്ടതുണ്ട്. നേരത്തെയുള്ള കുടിശ്ശിക മാത്രമാണ് തീർത്തിട്ടുള്ളത്. ഇനി അച്ചടിക്കുന്ന കാർഡുകൾക്കുള്ള പ്രതിഫലവും വൈകാനിടയുള്ളതിനാൽ കരാർ സ്ഥാപനം വേഗത്തിൽ അച്ചടി പൂർത്തിയാക്കാനിടയില്ല.

കാർഡുകൾ ഓഫീസുകളിലേക്ക് എത്തിച്ച് വിതരണം ചെയ്യുക ഏറെ ശ്രമകരമാണ്. രേഖകൾ കൈപ്പറ്റാനെത്തുന്നവരുടെ തിരക്ക് ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കും. തപാൽക്കൂലി മുൻകൂർ അടച്ചവരാണ് ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ടിവരുക. ഓഫീസുകൾ വഴിയുള്ള രേഖകളുടെ വിതരണം ക്രമക്കേടിന് ഇടയാക്കുന്നുവെന്ന വിജലൻസ് കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രീകൃത അച്ചടിയിലേക്ക് മാറിയത്. കൊച്ചി തേവരയിലാണ് അച്ചടികേന്ദ്രം സ്ഥാപിച്ചത്.

ആർ.സി, ഡ്രൈവിങ് ലൈസൻസ് അച്ചടിക്ക് അപേക്ഷകരിൽനിന്ന് കാർഡൊന്നിന് 200 രൂപ വീതം ഈടാക്കുന്നുണ്ടെങ്കിലും തുക നേരിട്ട് ട്രഷറിയിലേക്കാണ് സ്വീകരിക്കുന്നത്. ഇതിന്റെ ചെലവ് പിന്നീട് സർക്കാർ അനുവദിക്കുകയാണ് പതിവ്. സാമ്പത്തിക പ്രതിസന്ധി കാരണം തുക അനുവദിക്കാൻ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ കടലാസ്, പ്രിന്റിങ് സാമഗ്രികൾ വിതരണം ചെയ്തതിന് സി-ഡിറ്റിന് നൽകാനുള്ള 6.34 കോടി രൂപയും ഉൾപ്പെടെ 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ അറ്റകുറ്റപ്പണിക്കും സി-ഡിറ്റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നവംബർ ആദ്യവാരമാണ് തുക ആവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് ധനവകുപ്പിന് കത്ത് നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *