
Perinthalmanna Radio
Date: 28-02-2025
പെരിന്തൽമണ്ണ: അമൃത് ഭാരത് പദ്ധതിയിൽ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങളും പുതിയ ക്രോസിങ് സ്‌റ്റേഷനുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ഷൊർണൂർ–നിലമ്പൂർ റെയിൽ പാതയിലെ വിവിധ സ്‌റ്റേഷനുകളിൽ പാലക്കാട് ഡിവിഷനിൽ നിന്നുള്ള റെയിൽവേ ഉന്നത സംഘം സന്ദർശനം നടത്തി.
അമൃത് ഭാരത് പദ്ധതിയിൽ നിലമ്പൂരിലും അങ്ങാടിപ്പുറത്തും നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.
അങ്ങാടിപ്പുറത്ത് 13.759 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിൽ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. മാർച്ചോടെ പ്രവൃത്തി പൂർത്തിയാക്കാനാണു റെയിൽവേ ലക്ഷ്യമിടുന്നത്. നിലമ്പൂരിൽ 8.029 കോടി രൂപയുടെ വിവിധ പ്രവൃത്തികളാണ് അമൃത് ഭാരത് പദ്ധതിയിലുള്ളത്. ഇതിൽ 85 ശതമാനമാണു പൂർത്തിയായത്. ഏപ്രിൽ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണു ലക്ഷ്യം. ഇതിനു പുറമേ ഇവിടെ നടക്കുന്ന അടിപ്പാതയുടെ നിർമാണപ്രവർത്തനങ്ങളും സംഘം വിലയിരുത്തി.
മേലാറ്റൂരിലും കുലുക്കല്ലൂരിലും ക്രോസിങ് സ്‌റ്റേഷനുകളുടെ നിർമാണ പുരോഗതിയും സംഘം വിലയിരുത്തി. 2 ക്രോസിങ് സ്‌റ്റേഷനുകളുടെയും നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. വാണിയമ്പലം റെയിൽവേ സ്‌റ്റേഷനിലെ വെയ്‌റ്റിങ് ഹാളിന്റെ നവീകരണ പ്രവർത്തനങ്ങളും വിലയിരുത്തി. പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി, എഡിആർഎം എസ്.ജയകൃഷ്‌ണൻ, എസ്ഡിസിഎം അരുൺ തോമസ് കളത്തിങ്ങൽ എന്നിവരാണു സ്‌പെഷൽ ട്രെയിനിൽ എത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
