തുടരെ ഇറാന്‍റെ മിസൈല്‍ ആക്രമണം; വ്യോമപാത അടച്ച് ഗള്‍ഫ് രാജ്യങ്ങള്‍

Share to


Perinthalmanna Radio
Date: 28-02-2026

ഗള്‍ഫിലെ യു.എസ് വ്യോമതാവളങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തിന് പിന്നാലെ വ്യോമപാത അടച്ച് രാജ്യങ്ങള്‍. ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളാണ് വ്യോമപാത അടച്ചത്. ഖത്തറിലും കുവൈത്തിലും ബഹറൈനിലും യുഎഇയിലുമാണ് ഇറാന്‍ തുടരെ ആക്രമണം നടത്തിയത്. സൗദി അറേബ്യയിലെ  റിയാദിലും സ്ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച എല്ലാ മിസൈലുകളും നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പിന്നാലെ ദോഹയില്‍ ഒന്നിലധികം വലിയ സ്ഫോടനങ്ങൾ കേട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിലും സ്ഫോടനശബ്ദം കേള്‍ക്കുന്നുവെന്ന് പറയുന്നു.

ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, കുവൈത്തിലെ അല്‍ സലീം എയര്‍ ബേസ്, യുഎഇയിലെ അല്‍ ദാഫ്ര എയര്‍ബേസ്, ബഹറൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പല്‍പട എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്‍റെ വാര്‍ത്ത ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇസ്രയേല്‍ ഇറാനില്‍ ആക്രമണം തുടരുകയാണ്. ഇറാന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഉർമിയയിൽ സ്ഫോടന ശബ്ദം കേട്ടു. ഇസ്രേയല്‍ സേന ആക്രമണം നടത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപമുള്ള എല്ലാ താമസക്കാർക്കും ഇസ്രായേൽ സൈനിക വക്താവ് ഒഴിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നൽകി.

ഖത്തര്‍ വ്യോമപാത അടച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസ് വിമാനസര്‍വീസുകള്‍ നിര്‍ത്തി. ഖത്തര്‍, കുവൈത്ത്, ബഹറൈന്‍‌, യുഎഇ, ഒമാന്‍, ലെബനന്‍, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുര്‍ക്കിഷ് എയര്‍ലൈന്‍സും റദ്ദാക്കി. യുദ്ധ ഭീതി ഉയര്‍ന്നതോടെ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ പല വിമാനകമ്പനികളും നേരത്തെ നിര്‍ത്തിയിരുന്നു. വിസ് എയര്‍ ദുബായിലേക്കും അബുദാബിയിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏഴുവരെ നിര്‍ത്തി. ലുഫ്താൻസ എയര്‍ലൈന്‍സിന്‍റെ വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് ദുബായ്, ടെല്‍ അവീവ്, ബെയ്റൂട്ട്, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. റഷ്യ, കുവൈത്ത് എന്നിവ ഇറാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും സിവിലിയന്‍ വിമാനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *