ഹരിതകർമ സേനാംഗങ്ങളുടെ സമയോചിത ഇടപെടലിൽ വീട്ടിലെ തീപ്പിടിത്തം ഒഴിവായി

Share to


Perinthalmanna Radio
Date: 28-02-2026

താഴേക്കോട് : ഹരിതകർമ സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. അമ്മനിക്കാട് വീട്ടിലുണ്ടായ തീപ്പിടിത്തമാണ് ഇവരുടെ ഇടപെടലിൽ ഒഴിവായത്. വീടിന്റെ ഷെഡിൽ തീ പടരുന്നത് കണ്ട ഹരിത കർമ സേനാംഗങ്ങൾ അഗ്നി രക്ഷാ നിലയത്തിൽ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളായ കെ. നിഷ, ശ്രീജിത, ചിത്ര എന്നിവർ അമ്മിനിക്കാട് അത്തിക്കലിലെ ആനിക്കാട്ടിൽ അബ്ദുൽ റസാഖിന്റെ വീട്ടിൽ അജൈവമാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് വീടിനോടുചേർന്ന അടുക്കളഭാഗത്തെ ഷെഡിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച ജുമാനമസ്‌കാര സമയമായതിനാൽ പരിസരപ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ഹരിതകർസേനാംഗങ്ങൾ ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനാനിലയത്തിൽ വിവരം അറിയിച്ചു. അഗ്നിരക്ഷാസേനയെത്തി തീ പൂർണമായും അണച്ച് അപകടം ഒഴിവാക്കി.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. നാസറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ കെ.എ. ഉബാസ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ വി.ബി. രാംദാസ്, പി.കെ. രഞ്ജിത്ത്, ഒ.കെ. ഹർഷാദ്, അർജുൻ അരവിന്ദ്, ഫയർ ആൻഡ് റെസ്‌ക്യു ഡ്രൈവർമാരായ കെ. നവീൻ, വിഷ്ണു എസ്. സജി, ഹോം ഗാർഡ് പി.വി. വിശ്വനാഥൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഷെഡിൽ രണ്ട് ഗ്യാസ് സിലിൻഡറുകൾ, വിറക് എന്നിവയുണ്ടായിരുന്നു..
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *