പാലക്കാട് – കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയപാത; നഷ്ടപരിഹാര വിതരണം 87 ശതമാനം പൂര്‍ത്തിയായി

Share to



Perinthalmanna Radio
Date: 28-03-2024

മലപ്പുറം: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീല്‍ഡ് ദേശീയ പാതക്കായി ഭൂമി ഏറ്റെടുത്തതില്‍ നഷ്ടപരിഹാര വിതരണം വിതരണം 87 ശതമാനവും പൂർത്തിയായി.

ജില്ലക്ക് നഷ്ടപരിഹാരം നല്‍കാൻ 1986.64 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 1700 കോടി രൂപയും വിതരണം ചെയ്തു. അതേസമയം, പാത വീതികൂട്ടാൻ രണ്ടാംഘട്ട ഭൂമിയേറ്റെടുക്കല്‍ നടപടി ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരംഭിക്കൂ.

ടോള്‍ പിരിവിന് കേന്ദ്രങ്ങള്‍ നിർമിക്കാനും ചരക്ക് വാഹനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒതുക്കി നിർത്തി ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യം ഒരുക്കാനുമാണ് കൂടുതല്‍ ഭൂമി ഏറ്റെടുത്ത് പാത വീതി കൂട്ടുന്നത്.

ഇതിനായി ജില്ലയില്‍ ഏഴ് സ്ഥലങ്ങളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂർത്തികരിക്കാനാണ് എൻ.എച്ച്‌.എ ശ്രമം നടത്തിയിരുന്നത്. ഈ മാസം തന്നെ ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കാനും നീക്കമുണ്ടായിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിന് തടസമായി. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതോടെ ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കും നിയോഗിച്ച്‌ ഉത്തരവായി. ഇതിനകം നാല് ജീവനക്കാർ ഓഫിസില്‍നിന്ന് തെരഞ്ഞെടുപ്പ് ജോലിക്കായി പോയി.

45 മീറ്റർ വീതിയില്‍ 53 കിലോമീറ്ററാണ് ജില്ലയിലൂടെ പാത കടന്നുപോകുന്നത്. പുതിയ ഏഴിടങ്ങളില്‍ 60 മീറ്റർ വീതി കൂട്ടിയാകും ദേശീയപാതയുടെ നിർമാണം. വാഴയൂർ, കരുവാരക്കുണ്ട്, കാരക്കുന്ന്, അരീക്കോട്, വാഴക്കാട്, ചെമ്ബ്രശ്ശേരി, ചീക്കോട് എന്നീ വില്ലേജുകളിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുക.

നിലവില്‍ ഏറ്റെടുത്ത ഭൂമിയുടെ ഇരു വശങ്ങളില്‍നിന്ന് ഏഴര മീറ്റർ വീതിയിലാണ് ഏഴ് വില്ലേജുകളിലും ഭൂമി അധികമായി ഏറ്റെടുക്കുക. ജില്ലയില്‍ ഇതുവരെ 15 വില്ലേജുകളില്‍നിന്ന് 238 ഹെക്ട‌ർ ഭൂമിയാണ് ഏറ്റെടുത്തത്. പുതിയ പദ്ധതി പ്രകാരം ഒൻപത് ഹെക്ടർ ഭൂമി കൂടി നാഷനല്‍ ഹൈവേ അതോറിറ്റി ഏറ്റെടുക്കും. 45 മീറ്റർ വീതിയില്‍ പാത നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

പിന്നീട് ടോള്‍ പിരിവിന് കേന്ദ്രങ്ങള്‍ നിർമിക്കാനും ചരക്ക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും വീതി കൂട്ടണമെന്ന ആവശ്യവുമായി നാഷനല്‍ ഹൈവേ അതോറിറ്റി (എൻ.എച്ച്‌.എ) സർക്കാറിനെ സമീപിക്കുകയായിരുന്നു. ഇതോടെ പുതിയ പദ്ധതിക്ക് സർക്കാർ അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പിന് ശേഷം ആദ്യഘട്ടത്തിന്‍റെ ടെണ്ടർ നടപടികളിലേക്ക് കടക്കും. ഇതോടൊപ്പം തന്നെ വീതികൂട്ടുന്നതിനായുള്ള സ്ഥലമേറ്റെടുപ്പ് നടപടികളും പുരോഗമിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *