
Perinthalmanna Radio
Date: 28-06-2025
പെരിന്തൽമണ്ണ: കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജ് മൂലം ഉണ്ടാകുന്ന ഗതാഗത ക്കുരുക്കിന്റെ പരിഹാരമെന്നോണം അങ്ങാടിപ്പുറം ഭാഗത്ത് റോഡിൽ ഇൻർലോക്ക് പതിക്കൽ പ്രായോഗികമല്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. അങ്ങാടിപ്പുറം തളി ജംഗ്ഷൻ മുതലും പരിയാപുരം റോഡ്, തിരുമാന്ധാംകുന്ന് ക്ഷേത്രഭാഗം എന്നിവിടങ്ങളിൽ നിന്നും എത്തുന്ന മഴവെള്ളവും കൂടാതെ ഡ്രെയിനേജിലെ വെള്ളവും പോസ്റ്റ് ഓഫീസ് റോഡിന് സമീപത്തെ ഹോട്ടലിന്റെ ഭാഗത്ത് റോഡിലേക്ക് പൂർണ്ണമായും ഒഴുകുകയാണ്. കക്കൂസ് മാലിന്യം അടക്കമുള്ള മലിന ജലമാണിതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഇത് പൂർണ്ണമായി റോഡിൽ നിന്ന് ഒഴുകി പോവാനായി യാതൊരു സംവിധാനവുമില്ല. ഇവ പുർണമായും കെട്ടിക്കിടക്കുന്നത് മേൽപ്പാലം ആരംഭിക്കുന്ന ഇടത്താണ്.
ഇവിടെ മുൻപ് നാലുവരി പാതയുടെ ഭാഗമായി ഒരുഭാഗത്ത് മാത്രമാണ് പൂർണ്ണമായും ഡ്രൈനേജ് സംവിധാനം നിലവിൽ ഉള്ളത്. എന്നാൽ അങ്ങാടിപ്പുറം ഭാഗത്ത് നിന്നും റെയിൽവേ് സ്റ്റേഷൻ റോഡിലേക്ക് പോകുന്ന റോഡിൽ ഇടത് ഭാഗത്ത് അഴുക്കുചാൽ ഇല്ലാത്തതിനാൽ റോഡിൽ ആണ് ഇപ്പോൾ വെള്ളം പൂർണമായും കെട്ടിക്കിടക്കുന്നത്.
ഇപ്പോൾ പുതുതായി തീരുമാന പ്രകാരമുള്ള റോഡിലെ കട്ട പതിക്കൽ പൂർണമാകുമ്പോൾ ഈ റോഡ് ഏത് സമയവും വെള്ളക്കെട്ട് നിറഞ്ഞതാവും. അതിനാൽ റോഡിൽ കട്ട പതിക്കുന്നതിന് മുൻപ് ഈ പ്രദേശത്തെ ഡ്രൈനേജ് സിസ്റ്റം കുറ്റമറ്റതാക്കി നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അതിനാൽ ബന്ധപ്പെട്ട അധികൃതർ ഈ പ്രവൃത്തികൾ ആരംഭിക്കും മുമ്പ് യഥാസമയം ഉണർന്ന് പ്രവർത്തിക്കണം എന്നാണ് വർഷങ്ങളായി ദുരിതം പേറുന്ന അങ്ങാടിപ്പുറം നിവാസികളുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
