
Perinthalmanna Radio
Date: 28-06-2025
പെരിന്തൽമണ്ണ: സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റ് സർക്കാർ– അർധ സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളിലേക്കും സ്കൂൾ സ്റ്റേഷനറി ഉൽപന്നങ്ങളും ഗ്രോസറി ഉൽപന്നങ്ങളും നൽകിയതായ വ്യാജരേഖകൾ ചമച്ച് 34,67,432 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.
കേരള കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന, പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ത്രിവേണി സൂപ്പർ മാർക്കറ്റ് യൂണിറ്റ് ഇൻചാർജ് ആയ പട്ടിക്കാട് കരുവമ്പാറ കൊടിവായ്‌ക്കൽ വീട്ടിൽ കെ.വി.വിനീത് (36) ആണു പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശത്തെ തുടർന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്തിന്റെ മേൽനോട്ടത്തിൽ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷിജോ സി.തങ്കച്ചൻ, ടി.പി.ഉദയൻ എന്നിവരുൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വീട്ടിൽനിന്ന് ഇന്നലെ കസ്‌റ്റഡിയിലെടുത്തത്.
2022 ഒക്ടോബർ ഒന്നു മുതൽ കഴിഞ്ഞ ഏപ്രിൽ 11 വരെ, പുലാമന്തോൾ ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവരുന്ന ത്രിവേണി സൂപ്പർ മാർക്കറ്റിൽ ക്രെഡിറ്റ് ബിൽ പ്രകാരവും സ്വന്തമായി വ്യാജമായി ക്രെഡിറ്റ് ബിൽ നിർമിച്ചും തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു. വിവിധ സ്കൂളുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും ഉൽപന്നങ്ങൾ നൽകിയതിന്റെ തുക സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് സ്വീകരിച്ചതായും കണ്ടെത്തി. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ