ഏലംകുളം പ‍ഞ്ചായത്ത് വീണ്ടും ശ്രദ്ധാകേന്ദ്രം; എൽഡിഎഫ് അവിശ്വാസ നോട്ടിസ് നൽകി

Share to

Perinthalmanna Radio
Date: 28-08-2024

ഏലംകുളം പ‍ഞ്ചായത്ത് വീണ്ടും ശ്രദ്ധാകേന്ദ്രം; എൽഡിഎഫ് അവിശ്വാസ നോട്ടിസ് നൽകി

പെരിന്തൽമണ്ണ: എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമുള്ള ഏലംകുളം പഞ്ചായത്തിൽ പ്രസിഡന്റ് സി.സുകുമാരനും വൈസ് പ്രസിഡന്റ് ഹൈറുന്നീസയ്‌ക്കുമെതിരെ അവിശ്വാസത്തിന് എൽഡിഎഫ് നോട്ടിസ് നൽകി. സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ നിലപാടുകളിൽ പ്രതിഷേധിച്ചാണ് അവിശ്വാസ നോട്ടിസ്.

ഇഎംഎസിന്റെ ജന്മനാടായ ഏലംകുളത്ത് 40 വർഷത്തെ എൽഡിഎഫ് ഭരണം അവസാനിപ്പിച്ചയിരുന്നു ഡിസിസി സെക്രട്ടറി സി.സുകുമാരൻ പ്രസിഡന്റായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാന തലത്തിൽതന്നെ എൽഡിഎഫിനേറ്റ വലിയ പ്രഹരമായിരുന്നു ഏലംകുളത്തെ തോൽവി.

ഇവിടെ ആകെയുള്ള 16 വാർഡുകളിൽ 8 സീറ്റുകൾ വീതമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും ലഭിച്ചത്. യുഡിഎഫിൽ കോൺഗ്രസിന് മൂന്നും മുസ്‌ലിം ലീഗിന് രണ്ടും അംഗങ്ങളുണ്ട്. 2 കോൺഗ്രസ് സ്വതന്ത്രരുമുണ്ട്. വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രാംഗവും യുഡിഎഫിനെ പിന്തുണയ്‌ക്കുന്നു. എൽഡിഎഫിൽ സിപിഎമ്മിന് അഞ്ചും സിപിഐക്ക് ഒരംഗവും 2 സിപിഎം സ്വതന്ത്രരുമുണ്ട്. ഇവിടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്.

അതേസമയം നറുക്കെടുപ്പു വഴി തന്നെ തിരഞ്ഞെടുപ്പ് നടന്ന വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസ–ആരോഗ്യം എന്നീ സ്ഥിരസമിതികളിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. ഇവയുടെ അധ്യക്ഷ സ്ഥാനവും എൽഡിഎഫിനാണ്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഗാന്ധി പ്രതിമ അനാഛാദനം ചെയ്തതുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നം. അനാച്ഛാദനം വൈകിയതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിമ മൂടിയിട്ട പ്ലാസ്‌റ്റിക് കവർ നീക്കി പ്രതിഷേധിച്ചു. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിൽ 4 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിന്റെ തുടർച്ചയായി പഞ്ചായത്ത് വാഹനം തകരാറിലായതിനെ തുടർന്ന് വാഹനം വാടകയ്ക്കെടുത്ത സംഭവത്തിൽ അഴിമതി ആരോപണവുമായി എൽഡിഎഫ് രംഗത്തെത്തി. ഈ പ്രശ്നത്തിൽ കഴിഞ്ഞ 2 ഭരണസമിതി യോഗങ്ങൾ ബഹിഷ്‌കരിക്കുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. ഇതിന്റെ ബാക്കിപത്രമാണ് അവിശ്വാസ നോട്ടിസ്.

അവിശ്വാസ പ്രമേയത്തിന് നോട്ടിസ് ലഭിച്ചതായും 15 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടിസ് ചർച്ച ചെയ്യാൻ യോഗം ചേരുമെന്നും പെരിന്തൽമണ്ണ ജോ. ബിഡിഒ പി.ഷൗക്കത്തലി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *