അങ്ങാടിപ്പുറത്തെ റെയിൽവേ അടിപ്പാത സജീവ  പരിഗണനയിലെന്ന്  അധികൃതർ

Share to

Perinthalmanna Radio
Date: 28-09-2024

പെരിന്തൽമണ്ണ ∙ അങ്ങാടിപ്പുറത്തെ റെയിൽവേ അടിപ്പാത സജീവ പരിഗണനയിലെന്നു റെയിൽവേ അധികൃതർ. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അമൃത് ഭാരത് പദ്ധതിയിലുൾപ്പെട്ട നവീകരണ, നിർമാണ പ്രവർത്തനങ്ങൾക്കുശേഷം ഇക്കാര്യത്തിൽ നടപടിയുണ്ടാകും.

ദേശീയപാതയിൽ അങ്ങാടിപ്പുറത്തെയും മേൽപാലത്തിലെയും കുരുക്കഴിക്കാൻ റെയിൽവേ അടിപ്പാത നിർമിക്കണമെന്ന് നാട്ടുകാരുടെ  പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. വലിയ രീതിയിലുള്ള ഒരു സബ്‌വേ ആയിരിക്കില്ലെന്നും കാറുൾപ്പെടെയുള്ള ചെറുകിട വാഹനങ്ങൾക്കു കടന്നു പോകാനുള്ള സൗകര്യമാണ് ഒരുക്കുകയെന്നും റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം ജയകൃഷ്ണൻ പറഞ്ഞു.

അടിപ്പാത നിർമിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കാമെന്ന് അങ്ങാടിപ്പുറം പഞ്ചായത്തും പഞ്ചായത്ത് അനുവദിക്കുന്ന തുക കഴിച്ച് ആവശ്യമായ മുഴുവൻ തുകയും നൽകാമെന്നു മഞ്ഞളാംകുഴി അലി എംഎൽഎയും വാഗ്‌ദാനം ചെയ്‌തിരുന്നു. അങ്ങാടിപ്പുറം, പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനുകൾക്കിടയ്ക്ക് ഏഴുകണ്ണിപ്പാലത്തിനു സമീപം ചാത്തനല്ലൂരിൽ പ്രത്യേക തുരങ്കം നിർമിച്ച് അടിപ്പാത യാഥാർഥ്യമാക്കാനുള്ള പദ്ധതിയാണു നിലവിലുള്ളത്. സമീപത്തെ ഏഴുകണ്ണിപ്പാലത്തിനടിയിലൂടെ അടിപ്പാതയുടെ രീതിയിൽതന്നെ മുൻപു വാഹനങ്ങൾ കടന്നുപോയിരുന്നു. എന്നാൽ പിന്നീടു സുരക്ഷാകാരണങ്ങളാൽ റെയിൽവേ ഇവിടെ വേലിയൊരുക്കി ഇരുചക്ര വാഹനങ്ങൾക്കു മാത്രമായി വഴി നിജപ്പെടുത്തി.

ആദ്യം അങ്ങാടിപ്പുറം പഞ്ചായത്ത് മുന്നോട്ടുവച്ച അടിപ്പാതാ പദ്ധതിക്ക് എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സാധ്യതാപഠനം നടത്തുകയും അനുകൂലമെന്നു കണ്ടെത്തുകയും ചെയ്‌തിരുന്നു. പദ്ധതിയുടെ ലൊക്കേഷൻ മാപ്പും റഫ് എസ്‌റ്റിമേറ്റും ഇതിനകം തയാറാക്കിയതാണ്.

പദ്ധതിക്ക് റെയിൽവേ ഡിവിഷൻ എൻജിനീയർ 3.08 കോടി രൂപയുടെ പ്രാഥമിക എസ്‌റ്റിമേറ്റ് തയാറാക്കി കഴിഞ്ഞ വർഷം ഡിസംബർ 19ന് കലക്‌ടർക്കു സമർപ്പിച്ചിരുന്നു. ഇതിനു സെന്റേജ് ചാർജായി (എസ്‌റ്റിമേറ്റും ലൊക്കേഷൻ മാപ്പും തയാറാക്കുന്നതിനുള്ള നിരക്ക്) 6.17 ലക്ഷം രൂപ റെയിൽവേക്ക് അടച്ചാലേ ഫൈനൽ എസ്‌റ്റിമേറ്റ് തയാറാക്കൂ. പദ്ധതിക്കുള്ള മുഴുവൻ തുകയും കണ്ടെത്തിയാലേ പഞ്ചായത്തിന് അനുമതി നൽകാനാവൂ എന്ന തദ്ദേശഭരണ വകുപ്പിന്റെ കടുംപിടുത്തത്തിൽ തുടർനീക്കം സ്‌തംഭിച്ചു.

പഞ്ചായത്തിനു സെന്റേജ് ചാർജ് അടയ്‌ക്കാനും സാധിച്ചില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആവശ്യമായ തുക എംഎൽഎ ഫണ്ടിൽനിന്നു ലഭ്യമാക്കുമെന്നു കാണിച്ചു മഞ്ഞളാംകുഴി അലി എംഎൽഎ തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർക്കു കത്തു നൽകിയിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം വകുപ്പുമന്ത്രി എം.ബി.രാജേഷിനും പഞ്ചായത്ത് അധികൃതർ കൈമാറി. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിരസമിതി അധ്യക്ഷൻ വാക്കാട്ടിൽ സുനിൽബാബു, മുൻ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, വാർഡംഗങ്ങളായ പി.പി.ശിഹാബ്, ബഷീർ തൂമ്പലക്കാടൻ എന്നിവരാണു തിരുവനന്തപുരത്തു മന്ത്രിയുടെ ഓഫിസിലെത്തി കത്തു കൈമാറിയത്.

അടിപ്പാത യാഥാർഥ്യമായാൽ ഓരാടംപാലത്തുനിന്ന് 3.8 കിലോമീറ്റർ യാത്ര ചെയ്‌താൽ അങ്ങാടിപ്പുറത്തെ കുരുക്കിൽപെടാതെ പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസ് ജംക്‌ഷനിലെ അൽശിഫ ജംക്‌ഷനിലെത്താം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *