
Perinthalmanna Radio
Date: 28-10-2025
മേലാറ്റൂർ : സംരക്ഷണ ഭിത്തി തകർന്നും അരികിടിഞ്ഞും ബലക്ഷയം വന്ന ഉച്ചാരക്കടവ് ചാത്തോലിപ്പടി പാലത്തിൽ വെള്ളക്കെട്ടും. ഇതോടെ അപകട ഭീഷണി ഇരട്ടിയായി. പണിയിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനു കാരണമായത്. ഓടയുടെ പണി പൂർത്തിയാക്കാത്തതിനാൽ ഒഴുകിയെത്തുന്ന മലിനജലം റോഡിലേക്ക് കയറി പാലത്തിൽ തങ്ങിക്കിടക്കുകയാണ്.
നിലമ്പൂർ – പെരുമ്പിലാവ് സംസ്ഥാന പാതയിലാണ് പാലം. ഒട്ടേറെ ചരക്കു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പാലം പുതുക്കിപ്പണിയാൻ നേരത്തേ നടപടി തുടങ്ങിയിരുന്നു. എന്നാൽ പരിശോധനയിൽ ഒതുങ്ങി. ഒടുവിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ ഒലിപ്പുഴ വരെ റോഡ് വിപുലീകരണത്തിൽ പാലവും ഉൾപ്പെടുത്തി പുതുക്കിപ്പണിയാൻ അനുമതിയായതായിരുന്നു. റോഡ് പണിയാണങ്കിൽ രണ്ടുതവണകളായി പാതിവഴിയിൽ മുടങ്ങി.
പിന്നീട് റോഡ് പാടേ തകർന്ന ഭാഗം മാത്രം താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തി. അപ്പോഴും പാലത്തിൽ അത്യാവശ്യം ചെയ്യേണ്ട അറ്റകുറ്റപ്പണി പോലും നടത്തിയില്ല.
പാലത്തിന്റെ അരികിടിഞ്ഞും ഭിത്തി തകർന്നും സുരക്ഷ നഷ്ടപ്പെട്ടതിനു പിന്നാലെ വെള്ളക്കെട്ടുകൂടി ആയതോടെ അപകടഭീഷണി കൂടുകയാണ് .
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
