ഹജ് യാത്രയ്ക്ക് കൂടിയ നിരക്ക്; കേന്ദ്ര നടപടിയിൽ പ്രതീക്ഷയർപ്പിച്ച് അപേക്ഷകർ

Share to

Perinthalmanna Radio
Date: 29-01-2024

കരിപ്പൂർ ∙ ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ് യാത്രയ്ക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള കൂടിയ യാത്രാനിരക്കു സംബന്ധിച്ച കാര്യത്തിൽ കേന്ദ്ര ഹജ് കമ്മിറ്റിയും ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളും സ്വീകരിക്കുന്ന നടപടിയിൽ പ്രതീക്ഷയർപ്പിച്ച് പതിനായിരത്തിലേറെ ഹജ് അപേക്ഷകർ. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ 80,000 രൂപയിലേറെ അധികം നൽകണമെന്നത് അംഗീകരിക്കാനാകില്ലെന്നും നടപടി വേണമെന്നും വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപിയും സംസ്ഥാന ഹജ് കമ്മിറ്റിയും കേന്ദ്ര മന്ത്രിയെയും കേന്ദ്ര ഹജ് കമ്മിറ്റിയെയും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കൂടുതൽ തീർഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനയാണെന്നു ചൂണ്ടിക്കാട്ടിയും റീ ടെൻഡർ ആവശ്യപ്പെട്ടും വിവിധ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ 2 ദിവസത്തിനകം കേന്ദ്രം തീരുമാനമെടുക്കുമെന്നാണു ലഭിക്കുന്ന വിവരം.

പ്രതീക്ഷിക്കുന്ന നടപടികൾ ഇങ്ങനെ

കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കരാർ ലഭിച്ച എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചർച്ച നടത്തി തുക കുറയ്ക്കുകയാണ ് ആദ്യത്തെ മാർഗം. അതല്ലെങ്കിൽ കോഴിക്കോടിനു മാത്രം റീ ടെൻഡർ.

രണ്ടാണെങ്കിലും അതുവഴി തീരുമാനമായ നിരക്ക് കേന്ദ്ര ഹജ് കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിക്കും. അതു കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിൽ കോഴിക്കോട് ഹജ് പുറപ്പെടൽ കേന്ദ്രത്തെ ബാധിക്കും. ഒരു കുടുംബത്തിൽനിന്നുള്ള 5 പേർ വരെ ഒന്നിച്ച് ഹജ് യാത്രയ്ക്കായി അപേക്ഷിച്ചവരുണ്ട്. നിരക്കുവർധന, കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിനു താങ്ങാനാകില്ല. കോഴിക്കോടിനു പുറമേ രണ്ടാമത്തെ ഓപ്ഷൻ ആയി നൽകിയ കൊച്ചിയോ കണ്ണൂരോ വഴി ഹജ് യാത്ര നടത്തുകയാണ് പിന്നെയുള്ള മാർഗം. അതിനു കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ് സർവീസ് ഇല്ലെന്ന ഔദ്യോഗിക പ്രഖ്യാപനം വേണ്ടിവരും. അതും കോഴിക്കോടിനെ ബാധിക്കും. ചെറുവിമാനങ്ങൾക്കു മാത്രമാണ് കരിപ്പൂരിൽ അനുമതിയുള്ളത്. അതിനാൽ റീ ടെൻഡർ വിളിച്ചാലും വലിയ വിമാനങ്ങളുള്ള കമ്പനികൾക്ക് പങ്കെടുക്കാനാകില്ല. കരിപ്പൂരിൽ താൽക്കാലികമായി ഹജ് യാത്രയ്ക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നൽകുകയും വീണ്ടും ടെൻഡർ വിളിക്കുകയുമാണ് ഇതു പരിഹരിക്കാനുള്ള മാർഗമായി ചൂണ്ടിക്കാട്ടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *