ഫെബ്രുവരിയിലേക്കുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ എത്തിത്തുടങ്ങി

Share to

Perinthalmanna Radio
Date: 29-01-2025

മലപ്പുറം: കടക്കാരും വിതരണക്കരാറുകാരും സമരം പിൻവലിച്ചതോടെ ജില്ലയിലെ റേഷൻ വിതരണം സാധാരണ നിലയിലേക്ക്. ഫെബ്രുവരിയിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഇന്നലെ റേഷൻ കടകളിൽ എത്തിത്തുടങ്ങി. മൂന്നാഴ്ച നീണ്ട വിതരണക്കരാറുകാരുടെ സമരം ജില്ലയെ വലിയ തോതിൽ ബാധിച്ചിരുന്നില്ല.

പല റേഷൻ കടകളിലും കഴിഞ്ഞ ദിവസംവരെ ആവശ്യക്കാർക്കു പുഴുക്കലരി വിതരണം ചെയ്തു. ചിലയിടങ്ങളിലെങ്കിലും സ്റ്റോക്ക് തീർന്നതിനാൽ പച്ചരിയും ആട്ടയും വിതരണം ചെയ്യാനായില്ല. സമരം കാരണം ജനുവരിയിലെ റേഷൻ വാങ്ങാൻ കഴിയാത്തവർക്കു സമയം നീട്ടിനൽകണമെന്നു റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു.

കുടിശിക ആവശ്യപ്പെട്ടു കരാർ വിതരണക്കാർ ഈ മാസമാദ്യം തുടങ്ങിയ സമരം റേഷൻ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. വേതന പരിഷ്കരണമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചു കടയുടമകൾ 27 മുതൽ അനിശ്ചിതകാല കടയടപ്പു സമരം പ്രഖ്യാപിച്ചതോടെ റേഷൻ മേഖല പൂർണമായി സ്തംഭിക്കുമെന്ന ആശങ്ക പരന്നിരുന്നു. 27നു കടകൾ അടഞ്ഞുകിടന്നെങ്കിലും മന്ത്രിതല ചർച്ചയെത്തുടർന്ന് അന്നുതന്നെ സമരം പിൻവലിച്ചു.

വിതരണക്കരാറുകാരും സമരം അവസാനിപ്പിച്ചതോടെയാണു റേഷൻ മേഖല ഇന്നലെ മുതൽ പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയത്.

വിതരണക്കരാറുകളുടെ സമരം മറ്റു ചില ജില്ലകളിൽ റേഷൻ മേഖലയെ സ്തംഭിപ്പിച്ചെങ്കിലും മലപ്പുറത്ത് അത്ര രൂക്ഷമായില്ല. പുഴുക്കലരി ഉൾപ്പെടെ ആവശ്യത്തിനു സ്റ്റോക് ഉണ്ടായിരുന്നതിനാൽ ഭക്ഷ്യധാന്യം വാങ്ങാനെത്തുന്ന കാർഡുടമകൾക്കു നിരാശരായി മടങ്ങേണ്ടി വന്നില്ല. ആട്ടയുടെയും പച്ചരിയുടെയും സ്റ്റോക്ക് പല കടകളിലും നേരത്തേ തീർന്നു.

പുതിയ സ്റ്റോക്ക് വരുന്നതോടെ ഈ മാസം തന്നെ ഇതു നൽകാനാകുമെന്നാണു കടയുടമകളുടെ പ്രതീക്ഷ.

ജനുവരിയിലെ റേഷൻ വാങ്ങാനുള്ള സമയം നീട്ടണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ നിലയിൽ 31നു സമയം അവസാനിക്കേണ്ടതാണ്. എഫ്സിഐ ഗോഡൗണുകളിൽനിന്നു സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെനിന്നു റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരാണു ജനുവരി ആദ്യ വാരം മുതൽ പണിമുടക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *