
Perinthalmanna Radio
Date: 29-01-2026
പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ എൽ.ഡി.എഫിൽ സജീവം. പെരിന്തൽമണ്ണയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ. നജീബ് കാന്തപുരം തന്നെയാകുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നജീബ് കാന്തപുരത്തിന് എതിരെ പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ്. ആരെയാകും മത്സരിപ്പിക്കുകയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെങ്കിലും നാലുപേരുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്.
ഘടക കക്ഷികൾ മുൻ എം.എൽ.എ. വി. ശശികുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കെ.ടി. ജലീലിനെ സ്ഥാനാർഥിയാക്കാനാണ് സി.പി.എം. താല്പര്യപ്പെടുന്നത്. എന്നാൽ, പെരിന്തൽമണ്ണയിലേക്കില്ലെന്ന് ജലീൽ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് ജലീലിനെ അനുനയിപ്പിക്കാനായാൽ അദ്ദേഹം സ്ഥാനാർഥിയാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കലിൽ മത്സരിച്ച എൻ.എം. മുഹമ്മദ്കുട്ടിയുടെ പേരും പരിഗണിക്കുന്നുണ്ട്. എൻ.സി.പി. നേതാവും ബിസിനസ് സംരംഭകനുമായ അദ്ദേഹത്തെ പെരിന്തൽമണ്ണയിൽ മത്സരിപ്പിക്കാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ല. കഴിഞ്ഞ തവണ പെരിന്തൽമണ്ണയിൽ മത്സരിച്ച കെ.പി. മുഹമ്മദ് മുസ്തഫ ഇത്തവണ മത്സര രംഗത്തേക്കില്ലെന്നു വ്യക്തമാക്കിയതായാണ് സൂചന. മുന്നണി ചർച്ചകൾക്കും അനുനയങ്ങൾക്കും ഒടുവിൽ കെ.ടി. ജലീൽ, എൻ.എം. മുഹമ്മദ്കുട്ടി, വി. ശശികുമാർ, കെ.പി. മുഹമ്മദ് മുസ്തഫ എന്നിവരിൽ ആരെങ്കിലും എൽ.ഡി.എഫ്. സ്ഥാനാർഥിയായി വരാനാണ് സാധ്യത.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയം യു.ഡി.എഫിന് കൂടുതൽ ആത്മ വിശ്വാസം നൽകുന്നുണ്ട്. എന്നാൽ, എൽ.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ നിയമസഭാ തിരഞ്ഞെടുപ്പിൽ മാറുമെന്ന കണക്കുകൂട്ടലിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
