
Perinthalmanna Radio
Date: 29-02-2024
പെരിന്തൽമണ്ണ: നഗരസഭയുടെ ഏറെക്കാലമായുള്ള ആവശ്യമായ ആധുനിക അറവുശാല നിർമാണത്തിന് വഴി തെളിയുന്നു. കിഫ്ബി ഫണ്ടിൽനിന്ന് പത്തു കോടി രൂപ വായ്പയിൽ പദ്ധതി നടപ്പാക്കാൻ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. വായ്പയ്ക്കുള്ള തിരിച്ചടവ് നിബന്ധനകൾ പുതുക്കിയതോടെയാണ് അറവുശാല നിർമാണത്തിന് വഴിയൊരുങ്ങുന്നത്.
നഗരസഭയുടെ കളത്തിലക്കരയിലെ ഖരമാലിന്യസംസ്‌കരണശാലയിൽ വിട്ടുനൽകുന്ന ഒരേക്കറിലാണ് അറവുശാല നിർമിക്കുന്നത്. ചെലവ് കിഫ്ബി വഹിക്കുമെന്ന് അറിയിച്ചതനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയത്.
തുടർന്ന് കിഫ്ബി അധികൃതർ സ്ഥലം സന്ദർശിക്കുകയും മണ്ണുപരിശോധന നടത്തുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഫണ്ട് വായ്പയായാണ് അനുവദിക്കുന്നതെന്നും തിരിച്ചടയ്ക്കണമെന്നും അറിയിച്ചത്. മൂന്നു മാസം കൂടുമ്പോൾ 40 ലക്ഷം രൂപയോളം തിരിച്ചടയ്ക്കേണ്ടിവരുമായിരുന്നു. സാമ്പത്തികസ്ഥിതി മോശമായതിനാൽ അന്ന് നഗരസഭ പദ്ധതിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
നിർമാണ ഏജൻസിയായ ഇംപാക്ട് കേരള ലിമിറ്റഡുമായി കഴിഞ്ഞ ശനിയാഴ്ച നഗരസഭാധ്യക്ഷൻ നടത്തിയ ഓൺലൈൻ യോഗത്തിൽ അറവുശാല പദ്ധതി വായ്പയുടെ തിരിച്ചടവ് നിബന്ധനകൾ പുതുക്കാൻ തീരുമാനിച്ചു.
ഇതുപ്രകാരം പദ്ധതി കമ്മിഷൻ ചെയ്യുന്ന തീയതി മുതൽ രണ്ടു വർഷത്തിനുശേഷം വായ്പയുടെ തിരിച്ചടവ് തുടങ്ങിയാൽ മതിയെന്നും അറവുശാലയുമായി ബന്ധപ്പെട്ട കിഫ്ബി വായ്പകൾ അഞ്ചു ശതമാനം പലിശനിരക്കിൽ നൽകുമെന്നും അറിയിച്ചു.
കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇംപാക്ട് കേരള ലിമിറ്റഡിന് അടിയന്തരമായി ടെൻഡറുകൾ നൽകുന്നതിന് 29-നു മുൻപായി കൗൺസിൽ തീരുമാനം നൽകണമെന്നും എം.ഒ.യു.വിൽ ഒപ്പുവെക്കണമെന്നും നിഷ്‌കർഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച കൗൺസിൽ യോഗം ചേർന്ന് അറവുശാല നിർമിക്കാൻ തീരുമാനിച്ചത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണം.
പെരിന്തൽമണ്ണ വില്ലേജിൽ ജൂബിലി റോഡിലെ 4.5 സെന്റ് സ്ഥലത്തിന് പട്ടയം അനുവദിക്കുന്നതിനായി നഗരസഭയുടെ സമ്മതപത്രം ആവശ്യപ്പെട്ട് ജൂബിലി റോഡ് സ്വദേശിനി നൽകിയ അപേക്ഷയുമായി ബന്ധപ്പെട്ട അജൻഡ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ പാസാക്കി. നഗരസഭാ ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
