
Perinthalmanna Radio
Date: 29-03-2025
പെരിന്തൽമണ്ണ : 130 കോടി രൂപ വരവും 109 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന പെരിന്തൽമണ്ണ നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് വൈസ് ചെയർ പേഴ്സൺ എ. നസീറ വെള്ളിയാഴ്ച അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷനായി. ബജറ്റിൽ ഭവന നിർമാണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണത്തിനും പാർപ്പിട പദ്ധതികൾക്കുമായി 1.60 കോടി രൂപയും പൊതുമരാമത്ത്, ഊർജ, കുടിവെള്ള വിഭാഗത്തിൽ രണ്ടു കോടി രൂപയും സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികൾക്കായി 1.24 കോടി രൂപയും വിദ്യാഭ്യാസ, കലാ-കായിക, യുവജനക്ഷേമ മേഖലയ്ക്കായി 1.12 കോടി രൂപയും പട്ടികജാതിക്ഷേമ പ്രവർത്തനങ്ങൾക്ക് 1.31 കോടി രൂപയും വകയിരുത്തി. കക്കൂസ് മാലിന്യമുൾപ്പെടെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് എഫ്സിടി പ്ലാന്റ് തുടങ്ങുന്നതിന് ആറു കോടി വകയിരുത്തി. മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയിൽ 17.5 ലക്ഷം രൂപയും ആരോഗ്യമേഖലയിൽ 41 ലക്ഷം രൂപയും ശുചിത്വ-മാലിന്യസംസ്കരണ മേഖലയിൽ 51 ലക്ഷം രൂപയും വകയിരുത്തി.
സാമൂഹിക സുരക്ഷാരംഗത്തെ വികസനം ലക്ഷ്യമാക്കിയുള്ള കെയർ മിഷൻ, സംരംഭമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നെസ്റ്റ് മിഷൻ, പശ്ചാത്തലവികസനം ലക്ഷ്യമാക്കി ഫ്രെയിം മിഷൻ, വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കായുള്ള ഷുവർ മിഷൻ, ആരോഗ്യരംഗത്തെ അഭിവൃദ്ധിക്കായി സുരക്ഷാമിഷൻ, കാർഷികമേഖലയെ പരിപോഷിപ്പിക്കാൻ സമൃദ്ധി മിഷൻ തുടങ്ങി നഗരസഭ നടപ്പാക്കുന്ന ആറു മിഷനുകളും പുതിയ സാമ്പത്തിക വർഷവും തുടരും.
വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഹോപ് ആൻഡ് ഡ്രീം പദ്ധതി, തൊഴിൽ സാധ്യതകൾക്കായി സേഫ് പദ്ധതി, സമ്പൂർണ ആരോഗ്യപരിപാലന പദ്ധതിയായ ഫിറ്റ് ഫോർ ലൈഫ്, സാമൂഹികസുരക്ഷക്കായി പോലീസും ജനപ്രതിനിധികളുമടങ്ങുന്ന ജനകീയസേന, കായികരംഗപ്രോത്സാഹനത്തിന് പ്ലേ ഫോർ പാഷൻ പദ്ധതി, എടിഎം മാതൃകയിൽ കിയോസ്ക് സ്ഥാപിച്ച് പാൽ ലഭ്യമാകുന്ന മിൽക്ക് എടിഎം തുടങ്ങിയവയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ള പുതിയ പദ്ധതികൾ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
