ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കൂട്ടിയിട്ടിരുന്ന മൺകൂന നീക്കി

Share to


Perinthalmanna Radio
Date: 29-03-2026

ആലിപ്പറമ്പ് : രണ്ടുവർഷമായി ആലിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മൈതാനത്ത് കൂട്ടിയിട്ടിരുന്ന മൺകൂന നീക്കംചെയ്തു. ലൈബ്രറി, ലാബ് എന്നിവ നിർമിക്കുന്നതിനായി കുന്നിൽ ചെരുവിലെ 15 സെന്റ് സ്ഥലം നിരപ്പാക്കിയ മണ്ണാണ് സ്കൂൾ മൈതാനത്ത് കൂട്ടിയിട്ടിരുന്നത്. ഇതുകാരണം രണ്ടുവർമായി മൈതാനത്ത് കളിക്കുവാനോ സ്കൂൾ കായികമേള നടത്താനോ കഴിഞ്ഞിരുന്നില്ല.

മഴക്കാലമായാൽ ചെളിയും വെള്ളക്കെട്ടും കാരണം സ്കൂൾ മുറ്റത്തുകൂടി വിദ്യാർഥികൾക്ക് നടക്കാൻപോലും പ്രയാസമായിരുന്നു. 2022-2023 സാമ്പത്തിക വർഷത്തിലാണ് ജില്ലാ പഞ്ചായത്ത് ലൈബ്രറി, ലാബ് എന്നിവ നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചത്. മൂന്ന് മുറികളുള്ള കെട്ടിടം നിർമിക്കുന്നതിന് 49 ലക്ഷം രൂപയും ശൗചാലയം നിർമിക്കുന്നതിന് 15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സ്കൂൾ മൈതാനത്ത് കെട്ടിടം നിർമിച്ചാൽ കളിസ്ഥലം നഷ്ടപ്പെടുമെന്നതിനാൽ കളിസ്ഥലം സംരക്ഷിക്കുന്നതിന് പി.ടി.എ. സ്കൂളിനോടു ചേർന്ന് 15 സെന്റ് സ്ഥലം വാങ്ങുകയായിരുന്നു. നാട്ടുകാരിൽനിന്ന് പിരിവെടുത്താണ് സ്ഥലം വാങ്ങാൻ പണം സ്വരൂപിച്ചത്.

കെട്ടിടനിർമാണത്തിന് സ്ഥലം നിരപ്പാക്കി തൂണുകൾ നിർമിക്കാനുള്ള കുഴികളുണ്ടാക്കി കമ്പികളിട്ട് കോൺക്രീറ്റ് ചെയ്തതല്ലാതെ മറ്റ് നിർമാണപ്രവൃത്തികളൊന്നും ഇതുവരെ നടന്നിട്ടില്ല. രണ്ടു വർഷമായി സ്കൂൾമുറ്റത്ത് കൂട്ടിയിട്ട മൺകൂന നീക്കണമെന്ന് പി.ടി.എ.യും വിദ്യാർഥികളും നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ലാ പഞ്ചായത്ത് മൺകൂന ലേലംചെയ്ത് വിൽക്കുവാൻ പി.ടി.എ.യോട് നിർദേശിച്ചു. എൻജിനിയറിങ് വിഭാഗം 76,800 രൂപയാണ് വില നിശ്ചയിച്ചിരുന്നത്‌.

മൂന്ന് തവണ ലേലത്തിൽ വെച്ചെങ്കിലും ആരും ലേലത്തിലെടുത്തില്ല. തുടർന്ന് വിലകുറച്ച് 11,800 രൂപയ്ക്ക് ലേലത്തിൽവെച്ചാണ് പ്രശ്നം പരിഹരിച്ചത്. 11,800 രൂപയ്ക്ക് ലേലത്തിലെടുത്തെങ്കിലും പഴയ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകിയില്ല. ജില്ലാ പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റതിനുശേഷമാണ് അംഗീകാരംനൽകിയത്. മണ്ണ് നീക്കംചെയ്യൽ തുടങ്ങിയപ്പോൾ അജ്ഞാതന്റെ പരാതിയെത്തുടർന്ന് റവന്യൂവകുപ്പ് മണ്ണ് നീക്കുന്നത് തടഞ്ഞു.

തുടർന്ന് പെരിന്തൽമണ്ണ തഹസിൽദാർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി പി.ടി.എ. ഭാരവാഹികൾ നടത്തിയ ചർച്ചയെത്തുടർന്നാണ് നിയമതടസ്സം ഒഴിവാക്കി മണ്ണ് പൂർണമായും നീക്കിയത്. കളിസ്ഥലം മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ നിരപ്പാക്കുകയും ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *